അനൗണ്‍സ് ചെയ്ത സമയത്ത് സ്‌കൈ ലെവല്‍ ഹൈപ്പുണ്ടായിരുന്ന ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫ് 2ന് ശേഷം യഷിന്റെ അടുത്ത പ്രൊജക്ടിലേക്ക് പല വമ്പന്‍ സംവിധായകരുടെയും പേര് കേട്ടിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ നറുക്ക് വീണത് മലയാളിയായ ഗീതു മോഹന്‍ദാസിനായിരുന്നു. യഷ് എന്ന സ്റ്റാര്‍ മെറ്റീരിയലിനെ ഗീതു എങ്ങനെ അവതരിപ്പിക്കുമെന്നതായിരുന്നു ഹൈപ്പ് ഉയര്‍ത്തിയ ഘടകം.
എന്നാല്‍ രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ട് ടോക്‌സിക്കിന്റെ ഹൈപ്പ് കുറച്ചു. പിന്നാലെയെത്തിയ രണ്ട് ഗ്ലിംപ്‌സുകളും ഒരുപാട് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അടുത്തിടെ റിലീസായ ടീസറിനും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹൈപ്പ് ഉയരുന്നില്ലെങ്കിലും ചിത്രത്തിന്റെ റിലീസിന് മുമ്പ് നിര്‍മാതാക്കള്‍ക്ക് വലിയ ലാഭമാണ് ലഭിച്ചിരിക്കുന്നത്.
പ്രീ റിലീസ് ബിസിനസിലൂടെ 600 കോടിയോളം ചിത്രം സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. തമിഴിലെ മുന്‍നിര വിതരണക്കാരനും നിര്‍മാതാവുമായ ധനഞ്ജയനാണ് കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്. തിയേറ്ററിക്കല്‍ റൈറ്റ്‌സും മ്യൂസിക്, ഡിജിറ്റല്‍, സാറ്റലൈറ്റ് റൈറ്റ്‌സും ചേര്‍ത്തിയാണ് ഇത്രയും വലിയ ബിസിനസ് ടോക്‌സിക് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്ര/ തെലങ്കാനയില്‍ 120 കോടിക്കാണ് ടോക്‌സിക്കിനെ വിതരണക്കാര്‍ സ്വന്തമാക്കിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാവായ ദില്‍ രാജുവാണ് ടോക്‌സിക്കിനെ തെലുങ്ക് നാട്ടിലെത്തിക്കുന്നത്. 63 കോടിക്കാണ് തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. കേരളത്തില്‍ എട്ട് കോടിയോളമാണ് ചിത്രത്തിന്റെ റൈറ്റ്‌സ്. ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിനെ കേരളത്തില്‍ വിതരണം ചെയ്യുന്നത്.
അനില്‍ തദാനിയുടെ എ.എ ഫിലിംസാണ് നോര്‍ത്ത് ഇന്ത്യയില്‍ ടോക്‌സിക്കിന്റെ വിതരണക്കാര്‍. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ റൈറ്റ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓവര്‍സീസില്‍ 105 കോടിക്കാണ് ഫാര്‍സ് ഫിലിംസ് ടോക്‌സിക്കിനെ സ്വന്തമാക്കിയത്. 40 കോടിക്ക് മ്യൂസിക്ക് റൈറ്റ്‌സും 100 കോടിക്ക് മുകളില്‍ ഡിജിറ്റല്‍, സാറ്റലൈറ്റ് റൈറ്റും വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്.
500 കോടിയിലേറെ ബജറ്റിലൊരുങ്ങുന്ന ടോക്‌സിക് റിലീസിന് മുമ്പ് തന്നെ ബജറ്റ് തിരിച്ചുപിടിച്ചത് നിര്‍മാതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ റിലീസിന് ശേഷം ചിത്രം വിതരണക്കാര്‍ക്ക് ലാഭം സമ്മാനിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 1300 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ ചിത്രത്തെ ഹിറ്റെന്ന് പറയാനാകുകയുള്ളൂ. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വുമായുള്ള ക്ലാഷ് ടോക്‌സിക്കിന് തിരിച്ചടിയായേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
യഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അഞ്ച് നായികമാരാണുള്ളത്. നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ, കിയാര അദ്വാനി എന്നിവരാണ് നായികമാര്‍. സുദേവ് നായര്‍, ടൊവിനോ തോമസ് എന്നീ മലയാളി താരങ്ങളുടെ സാന്നിധ്യവും ടോക്‌സിക്കിലുണ്ട്.
Content Highlight: Reports that Toxic movie got 600 crores through pre release business