പ്രീ റിലീസ് ബുക്കിങ്ങില്‍ അവസാന നിമിഷം കുതിച്ചുചാട്ടം നടത്തി ആട് 3; ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളില്‍
Malayalam Cinema
പ്രീ റിലീസ് ബുക്കിങ്ങില്‍ അവസാന നിമിഷം കുതിച്ചുചാട്ടം നടത്തി ആട് 3; ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളില്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th March 2026, 11:47 am

സീക്വലുകളുടെ ചാകരയ്ക്കാണ് ഇന്ത്യന്‍ സിനിമ നിലവില്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കല്‍ക്കി 2, സലാര്‍ 2, ജയിലര്‍ 2 തുടങ്ങി വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ മലയാളത്തിലും കഥ വ്യത്യസ്തമല്ല. ഇന്ന് തിയേറ്ററുകളിലെത്തിയ ആട് 3യും ഏപ്രില്‍ 2 ന് വരുന്ന ദൃശ്യം 3 യും വാഴ 2 വുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആദ്യ ഭാഗം നല്‍കുന്ന ഹൈപ്പാണ് സീക്വലുകളായി വരുന്ന ചിത്രങ്ങളുടെ ഏറ്റവും വലിയ അഡ്വാന്റേജ്.

ആട് 3. Photo: Kerala Box Office/ X.com

ഇപ്പോള്‍ തിയേറ്ററിലെത്തിയ ധുരന്ധര്‍ 2വിന് ആദ്യ ഭാഗം നല്‍കിയ ഹൈപ്പ് കാരണം 130 കോടിയോളമാണ് പ്രീ ബുക്കിങ് വഴി ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസായ ആടിന്റെ മൂന്നാം ഭാഗത്തിന് പ്രീ ബുക്കിങ്ങിലൂടെ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച തുകയുടെ കണക്കാണ് സിനിമാ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പോസിറ്റീവ് ലഭിച്ചാല്‍ ഇരുനൂറ് കോടി വരെ നേടാന്‍ കെല്‍പുള്ള ചിത്രത്തിന്റെ ബുക്കിങ് ഓപ്പണായ ആദ്യ ഘട്ടത്തില്‍ കാര്യപ്പെട്ട ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അവസാന ഘട്ടത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ആട് 3 നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മൂന്നരക്കോടിയിലധികം രൂപ കേരളത്തില്‍ നിന്നും നേടിയതായാണ് സമൂഹ മാധ്യമായ എക്‌സിലെ സിനിമാ പേജുകള്‍ പുറത്തുവിടുന്ന വിവരം. കര്‍ണാടകയില്‍ നിന്നും 39 ലക്ഷവും, തമിഴ്‌നാട്ടില്‍ നിന്നും 11 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും 3 ലക്ഷവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നെല്ലാം ചേര്‍ത്ത് പത്ത് ലക്ഷവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ കണക്കുകളെല്ലാം ചേര്‍ത്ത് ആകെ നാല് കോടി ഇരുപത്തിയഞ്ച് ലക്ഷമാണ് ആട് 3 ഇതിനോടകം ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

യുദ്ധം നടന്നുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സാഹചര്യം ചിത്രത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ഒന്നരക്കോടി രൂപയാണ് ചിത്രം പ്രീ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി ആദ്യ ദിനം ഏകദേശം അഞ്ചേമുക്കാല്‍ കോടിയാണ് ചിത്രം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനൊപ്പം വീക്കെന്‍ഡുകളിലേക്കുള്ള ടിക്കറ്റുകള്‍ കൂടിയാകുമ്പോള്‍ ചിത്രം 7.8 കോടിയാണ് റിലീസിന് മുമ്പ് തന്നെ സ്വന്തമാക്കിയിരിക്കുന്നത്.

ആട് 3. Photo: Kerala Box Office/ X.com

ജയസൂര്യയുടെയും പ്രൊഡക്ഷന്‍ ഹൗസായ ഫ്രൈഡേ ഫിലിം ഹൗസിന്റെയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിങ് സെയിലാണ് ആട് 3യിലൂടെ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ വീക്കെന്‍ഡുകളിലെ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ ഉയരുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Content Highlight: Reports of Collection of Aadu 3 from Pre booking sales

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.