ഇന്ത്യക്കൊപ്പം സ്വര്‍ണമണിയാന്‍ സഞ്ജുവില്ല? ഏഷ്യന്‍ ഗെയിംസിന്റെ വമ്പന്‍ അപ്ഡേറ്റ് പുറത്ത്
Cricket
ഇന്ത്യക്കൊപ്പം സ്വര്‍ണമണിയാന്‍ സഞ്ജുവില്ല? ഏഷ്യന്‍ ഗെയിംസിന്റെ വമ്പന്‍ അപ്ഡേറ്റ് പുറത്ത്
സുദേവ് എ
Saturday, 29th August 2026, 1:05 pm

2026 ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകളില്‍ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികള്‍.

ഇപ്പോള്‍ ഈ മത്സരത്തിന്റെ ഇന്ത്യന്‍ സ്‌ക്വാഡിനെ സംബന്ധിച്ചുള്ള ഒരു വലിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനായുള്ള സൗകര്യങ്ങള്‍ വലിയ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ബി.സി.സി.ഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും. താരങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങളില്‍ തൃപ്തികരമല്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിന് ബി ടീമിനെ അയക്കുന്ന കാര്യം ബി.സി.സി.ഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സരങ്ങള്‍ നടക്കുന്ന വേദി, താമസ സ്ഥലം എന്നിവ കണ്ട് വിലയിരുത്തുന്നതിനായി ബി.സി.സി.ഐ ഒരു വ്യക്തിയെ ജപ്പാനിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക. ഡ്രസിങ് റൂം ടെന്റുകളിലാണ് സജീകരിച്ചിട്ടുള്ളതെന്നും ഇതില്‍ നിന്നും വാഷ്റൂം സൗകര്യം 500 മീറ്റര്‍ അകലെയാണ് ഉള്ളതെന്നും താരങ്ങള്‍ക്ക് നല്‍കിയ ഹോട്ടല്‍ റൂമുകള്‍ വളരെ ചെറുതാണെന്നും ബി.സി.സി.ഐ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വാര്‍ത്ത മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശ നല്‍കുന്നതാണ്. ഏഷ്യന്‍ ഗെയിംസിന് ബി ടീമിനെയാണ് അയക്കുന്നതെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും.

സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു കളത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ നടന്ന സിംബാബ്വേ പരമ്പരയില്‍ ആയിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നത്. അതുകൊണ്ട് തന്നെ നീണ്ട ഇടവേളക്ക് ശേഷം സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലെത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

Content Highlight: Report says India to send B team to 2026 Asian Games

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.