മോഹന്‍ലാലും ശോഭനയും ഉള്ള സിനിമയില്‍ അഭിനയിക്കാന്‍ അറിയാത്ത ഞാന്‍ വന്നിട്ട് എന്തുചെയ്യാനാണെന്നായിരുന്നു പ്രകാശ് വര്‍മ ചോദിച്ചത്: രഞ്ജിത്ത്
Entertainment
മോഹന്‍ലാലും ശോഭനയും ഉള്ള സിനിമയില്‍ അഭിനയിക്കാന്‍ അറിയാത്ത ഞാന്‍ വന്നിട്ട് എന്തുചെയ്യാനാണെന്നായിരുന്നു പ്രകാശ് വര്‍മ ചോദിച്ചത്: രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 1:13 pm

തുടരും എന്ന സിനിമയില്‍ പ്രകാശ് വര്‍മയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് രഞ്ജിത്ത് രജപുത്ര. നോര്‍മലായുള്ള ഒരാളാണെന്ന് കണ്ടറിഞ്ഞതിനുശേഷം വില്ലനാണെന്ന് മനസിലാക്കാവുന്ന തരത്തില്‍ ഒരു ആര്‍ട്ടിസ്റ്റ് വേണം ആ വേഷം ചെയ്യാന്‍ എന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.

കഥ എഴുതിയിരിക്കുന്ന കെ. ആര്‍. സുനിലാണ് പ്രകാശ് വര്‍മയുടെ കാര്യം പറയുന്നതെന്നും പ്രകാശ് വര്‍മയുടെ അടുത്ത് ചോദിച്ചപ്പോള്‍ മോഹന്‍ലാലും ശോഭനയും ഒക്കെ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ അറിയാത്ത താന്‍ വന്നിട്ട് എന്തുചെയ്യാനാണെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നോര്‍മലായുള്ള ഒരാളാണെന്ന് കണ്ടറിഞ്ഞതിനുശേഷം വില്ലനാണെന്ന് മനസിലാക്കാവുന്ന തരത്തില്‍ ഒരു ആര്‍ട്ടിസ്റ്റ് വേണം ആ വേഷം ചെയ്യുവാന്‍. അതുകൊണ്ടുതന്നെ അതിനൊരു പുതിയ ആര്‍ട്ടിസ്റ്റ് വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കഥ എഴുതിയ കെ. ആര്‍. സുനിലാണ് പ്രകാശ് വര്‍മയുടെ കാര്യം പറയുന്നത്. അവര്‍ പരിചയക്കാരായിരുന്നു.

പക്ഷേ, അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റേതായ തിരക്കുകളിലായിരുന്നു. മാത്രവുമല്ല, മോഹന്‍ലാലും ശോഭനയും ഒക്കെ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ അറിയാത്ത ഞാന്‍ വന്നിട്ട് എന്തുചെയ്യാനാണെന്നായിരുന്നു പ്രകാശ് വര്‍മയുടെ ചോദ്യം.

ഞങ്ങള്‍ ഒരു പരീക്ഷണം നടത്തി നോക്കട്ടെ എന്നുപറഞ്ഞപ്പോള്‍ അദ്ദേഹവും പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് പറ്റുമോയെന്ന് ആദ്യം നോക്കൂ. തരുണ്‍ മൂര്‍ത്തി പ്രകാശ് വര്‍മയുടെ ഒരു വീഡിയോ പകര്‍ത്തി. അതുകണ്ടുകഴിഞ്ഞപ്പോള്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു, ഇനി വേറെ ഒരാളെ അന്വേഷിക്കേണ്ടതില്ലെന്ന്.

പിന്നീട് ആ വീഡിയോ ഞാനും ലാലേട്ടനും ഒക്കെ കണ്ടു. ഞങ്ങളെല്ലാം ഒരേ മനസോടെ ഒരുമിച്ച് ഓക്കെ പറഞ്ഞ ഒരു കാര്യമാണ് പ്രകാശ് വര്‍മ ജോര്‍ജ്ജ് സാറായി അഭിനയിക്കുന്നു എന്നത്,’ രഞ്ജിത്ത് രജപുത്ര പറയുന്നു.

Content Highlight: Renjith Rejaputhra talks about casting of Prakash Varma in Thudarum Movie