ലാലേട്ടനോ മമ്മൂക്കയോ കരഞ്ഞാല്‍ മലയാളികള്‍ കരയും; വീട്ടിലെ ഒരാളുടെ പ്രശ്‌നം പോലെയാണ് അപ്പോള്‍ നമുക്ക് തോന്നുക: രഞ്ജിത്ത്
Entertainment
ലാലേട്ടനോ മമ്മൂക്കയോ കരഞ്ഞാല്‍ മലയാളികള്‍ കരയും; വീട്ടിലെ ഒരാളുടെ പ്രശ്‌നം പോലെയാണ് അപ്പോള്‍ നമുക്ക് തോന്നുക: രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 10:30 am

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് രഞ്ജിത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ കരഞ്ഞാല്‍ മലയാളികളും പറയുമെന്നും അത് നമ്മുടെ കൂടി പ്രശ്‌നമായി മാറുമെന്നും രഞ്ജിത്ത് പറയുന്നു. മലയാളികളുടെ മനസില്‍ അവര്‍ക്കുള്ള സ്ഥാനം എങ്ങനെയാണെന്നും വീട്ടിലെ ഒരാളെപോലെയാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

മലയാളികള്‍ അത്രമാത്രം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ ഇരുവരും കരയുന്നതുകണ്ടിട്ട് കരഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത എത്രയോ ആളുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘ലാലേട്ടന്‍ കരയുകയും മമ്മൂക്ക കരയുകയും ചെയ്താല്‍ മലയാളികളും കരയും. കാരണം അത് അവരുടെകൂടി പ്രശ്‌നമായി മാറും. നമ്മുടെ മനസില്‍ അങ്ങനെയാണ്. ഇവര്‍ രണ്ടുപേരും കരഞ്ഞാല്‍ നമ്മള്‍ കരയാതെ ഇരിക്കില്ല. നമ്മളും കരയും. നമ്മുടെ വീട്ടിലെ ആരോ ഒരാളെപ്പോലെ, നമ്മുടെ വീട്ടിലെ ഒരാളുടെ പ്രശ്‌നം പോലെയാണ് അപ്പോള്‍ നമുക്ക് തോന്നുക.

മലയാളികള്‍ അത്രമാത്രം അവരെ സ്‌നേഹിക്കുന്നുണ്ട്. തിയേറ്ററില്‍ നിന്നെല്ലാം എത്രയോ ആളുകള്‍ കരഞ്ഞിട്ട് ഇറങ്ങാന്‍ പറ്റാതെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഇത് കരച്ചില്‍ പടമാണോ? അല്ല. അവിടെയാണ് കാര്യം. എല്ലാ ഉണ്ടെങ്കിലും ഒരു ചെറിയ കാര്യത്തില്‍ ലാലേട്ടനോ മമ്മൂക്കക്കൊ സങ്കടം വന്നാല്‍ കാണുന്നവന് കണ്ണുനിറഞ്ഞിട്ട് ഇറങ്ങാന്‍ കഴിയുന്നില്ല,’ രഞ്ജിത്ത് പറയുന്നു.

രജപുത്ര വിഷ്വല്‍ മീഡിയയിലൂടെ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, പ്രകാശ് വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Rejaputhra Renjith Talks About Mammootty And Mohanlal