കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും
Kerala
കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 2:05 pm

കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐ നുഹ്‌മാന്‍ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കിയത്.

നേരത്തെ എടുത്ത നടപടി പുനപരിശോധിക്കാനും ശുപാര്‍ശയുണ്ട്. തൃശൂര്‍ ഉത്തര മേഖല ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. പൊലീസുകാരുടെ മര്‍ദനം ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് എന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

നാല് പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ ഉടന്‍ തന്നെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ ഗുരുതരമായ ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടിയും എടുത്തേക്കുമെന്നാണ് സൂചന. ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന വിവരങ്ങളുമുണ്ട്.

അതേസമയം, 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലുള്ള മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

സംഭവദിവസം രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്.

പൊലീസിന്റെ നടപടിക്കെതിരെ നിയമപോരാട്ടം നടത്താനുറച്ച സുജിത്ത്, ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുകയും, കഴിഞ്ഞമാസം സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്ക് എതിരെ കോടതി കേസെടുക്കുകയും ചെയ്തിരുന്നു.

സുജിത്തിന് അനുകൂലമായി കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദന വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിവരാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് സുജിത്തിന് വീഡിയോ ലഭിച്ചത്.

 

Content Highlight: Recommendation to suspend four policemen in the brutal beating of Youth Congress President Sujith VS at Kunnamkulam station