കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി
Kerala News
കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 11:46 am

ന്യൂദൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി.

വി.സിയുടെ പുനർനിയമനം ചോദ്യം ചെയ്ത ഹരജിയിലാണ് സുപ്രീം കോടതി വിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

കണ്ണൂർ സർവകലാശാലയുടെ ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടന്നതെന്ന് സുപ്രീം കോടതി കണ്ടെത്തി. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അംഗീകരിച്ചുകൊണ്ടുള്ള ഹൈകോടതി വിധിയെ തിരുത്തുന്നതാണ് മേൽകോടതിയിൽ നിന്നുണ്ടായത്.

പ്രായപരിധി ലംഘിച്ചുകൊണ്ട് നിയമനം നൽകാനാകില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.

ഗവർണർ നിയമനത്തിൽ ഒപ്പുവെച്ചതായിരുന്നു ഹൈകോടതിയിൽ കേരള സർക്കാരിനും വി.സിക്കും അനുകൂലമായ വിധി ഉണ്ടാകാൻ കാരണം. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ ബഹ്യശക്തികൾ തെറ്റിദ്ധരിപ്പിച്ചതായിരുന്നു എന്നായിരുന്നു ഗവർണർക്ക് ഹാജരായ അറ്റോണി ജനറൽ സുപ്രീം കോടതിയിൽ അറിയിച്ചത്.

ഗോപിനാഥ് രവീന്ദ്രനെ തന്നെ വി.സി സ്ഥസനത്തേക്ക് പുനർനിയമിക്കണമെന്ന് ശുപാർശ ചെയ്ത് ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നൽകിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു.

Content Highlight: Re appointment of Kannur University VC Gopinath Raveendran cancelled by Supreme Court