സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിന്റെ ഹരജി തള്ളി കോടതി; സ്ഥിരം വി.സിയെ ഉടന്‍ നിയമിക്കാനും നിര്‍ദേശം
Kerala News
സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിന്റെ ഹരജി തള്ളി കോടതി; സ്ഥിരം വി.സിയെ ഉടന്‍ നിയമിക്കാനും നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2022, 4:41 pm

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനത്തില്‍ സര്‍ക്കാര്‍ ഹരജി തള്ളി. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി നിരാകരിച്ചിരിക്കുന്നത്.

സ്ഥിരം വി.സിയെ ഉടന്‍ കണ്ടെത്തി നിയമിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനകം സ്ഥിരം വി.സിയെ നിയമിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

സിസ തോമസിന് ഇടക്കാല വി.സിയായി തുടരാനുള്ള യോഗ്യതയുണ്ടെന്ന് കണ്ടെത്തികൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. യു.ജി.സി മാനദണ്ഡമായ പത്ത് വര്‍ഷത്തെ അധ്യാപനപരിചയം സിസ തോമസിനുണ്ടെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടി സര്‍ക്കാരിന്റെയും ചാന്‍സലറിന്റെയും യു.ജി.സിയുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

യു.ജി.സി സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ രണ്ടാഴ്ചക്കകം നല്‍കുമെന്ന് അറിയിച്ച കോടതി ഇതേ രീതിയില്‍ തന്നെ ചാന്‍സലറും സര്‍ക്കാരും പ്രതിനിധികളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ചാന്‍സലര്‍ ചട്ട പ്രകാരമല്ല പ്രവര്‍ത്തിച്ചതെന്ന സര്‍ക്കാരിന്റെ വാദവും കോടതി തള്ളി.

Content Highlight: High Court denies Govt’s appeal against VC appointment of Sisa Thomas in Technical University