എം.ജി സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ സര്‍ക്കാരിനോട് വിയോജിച്ച് ഗവര്‍ണര്‍; പുതിയ പാനല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം
Kerala News
എം.ജി സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ സര്‍ക്കാരിനോട് വിയോജിച്ച് ഗവര്‍ണര്‍; പുതിയ പാനല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 6:56 pm

തിരുവനന്തപുരം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനോട് വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന ആവശ്യത്തോടാണ് ഗവര്‍ണര്‍ വിയോജിച്ചത്.

സര്‍ക്കാരിനോട് വേറെ പാനല്‍ ഹാജരാക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മൂന്ന് സീനിയര്‍ പ്രൊഫസര്‍മാരുടെ പേര് നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നും കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട്, കഴിഞ്ഞ ദിവസമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയത്.

ആ കത്തിന്മേലാണ് ഇപ്പോള്‍ അത്തരമൊരു നടപടി സാധ്യമല്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. എത്രയും വേഗം മൂന്ന് സീനിയര്‍ പ്രൊഫസര്‍മാരുടെ പേര് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. നാളെയാണ് ഡോ. സാബു തോമസിന്റെ കാലാവധി അവസാനിക്കുന്നത്.

താല്‍ക്കാലികമായി വി.സിമാരെ പുനര്‍നിയമിക്കേണ്ടത്, സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരമോ അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നോ ആയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് പുതിയ പാനല്‍ ആവശ്യപ്പെട്ട് കൊണ്ട് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ കണ്ണൂര്‍ സര്‍കലാശാല വി.സി ഗോപിനാഥ് രവീന്ദ്രന് ഇത്തരത്തില്‍ പുനര്‍നിയമനം അനുവദിച്ചത് വലിയ വിവാദമായിരുന്നു. ആ കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കെ തന്നെ അത്തരമൊരു രീതിയിലേക്ക് ഗവര്‍ണര്‍ നീങ്ങുകയില്ലെന്നത് വ്യക്തമായിരുന്നു. ആ രീതിയില്‍ തന്നെ ഇപ്പോള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുണ്ടായിരിക്കുന്നത്.

നിയമങ്ങളുടെ സാങ്കേതികതയില്‍ ഊന്നിയാണ് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതിനാല്‍ മുമ്പത്തെ പോലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എന്ന നിലയിലാണ് കാര്യങ്ങളെന്ന് പറയാനാകില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

content highlights: governor arif muhammed khan rejects ldf goverments vc panel