സിമ്പാ; രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
Entertainment
സിമ്പാ; രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd December 2018, 3:14 pm

ന്യൂദല്‍ഹി: രണ്‍വീര്‍ സിങ്ങ് നായകനായെത്തുന്ന സിമ്പായുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തു വിട്ടു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിമ്പാ തെലുഗു ചിത്രം ടെംമ്പറിന്റെ ഹിന്ദി പതിപ്പാണ്. രണ്‍വീര്‍ പൊലീസ് ഓഫീസറായെത്തുന്ന സിനിമ മാസ് ഓഡിയന്‍സിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക.

2015ല്‍ പുറത്തിറങ്ങിയ ടെംമ്പറില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ ആയിരുന്നു നായക വേഷം അവതരിപ്പിച്ചത്. സങ്ക്റം ബലേറോ എന്ന കൈക്കൂലിക്കാരനായ പൊലീസുദ്യോഗസ്ഥനായാണ് രണ്‍വീര്‍ ചിത്രത്തിലെത്തുന്നത്.

വില്ലത്തിയായി ഞെട്ടിച്ച് മധുബാല; “അഗ്‌നിദേവി”ന്റെ ട്രെയ്‌ലർ കാണാം

അതേസമയം രോഹിത് ഷെട്ടിയുടെ 2011 ചിത്രം സിങ്കത്തിന്റെ തുടര്‍ച്ചയായിരിക്കും സിനിമയെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. സിങ്കത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അജയ് ദേവ്ഗണ്‍ ഈ ചിത്രത്തിലും അതിഥി താരമായി എത്തുന്നുണ്ട്. സിങ്കത്തിലെ രംഗങ്ങളില്‍ നിന്നാണ് സിമ്പയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നതും.

ചിത്രത്തില്‍ സോനു സൂദ് പ്രതിനായകനായും, അശുതോഷ് റാണ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്നു. കേദര്‍നാഥിന് ശേഷം സാറയുടെ രണ്ടാമത്തെ ചിത്രമാണ് സിമ്പ. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, രോഹിത് ഷെട്ടി പിക്‌ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടെംമ്പറിനെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ എങ്കിലും തമ്മില്‍ സാമ്യമുള്ള രംഗങ്ങള്‍ വളരെ കുറവാണെന്ന് രോഹിത് ഷെട്ടി പറഞ്ഞിരുന്നു. “ഇത് പൂര്‍ണ്ണമായും പുതിയ ഒരു സിനിമയായിരിക്കും. ഞാന്‍ എഴുതിയതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയായിരിക്കും ഇത്”- രോഹിത് പറയുന്നു.

ട്രെയ്‌ലര്‍ കാണാം