ഖല്‍ബിന് റെഫറന്‍സായി എടുത്തത് ടൈറ്റാനിക് സിനിമയിലെ ആ കഥാപാത്രത്തെ: രഞ്ജിത്ത് സജീവ്
Entertainment
ഖല്‍ബിന് റെഫറന്‍സായി എടുത്തത് ടൈറ്റാനിക് സിനിമയിലെ ആ കഥാപാത്രത്തെ: രഞ്ജിത്ത് സജീവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 6:14 pm

2022ല്‍ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് ജോണ്‍ എബ്രഹാം നിര്‍മിച്ച മൈക്ക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് രഞ്ജിത്ത് സജീവ്. 2024ല്‍ ഇറങ്ങിയ ഗോളം എന്ന സിനിമയിലും രഞ്ജിത്ത് ആയിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

അതില്‍ നടന്‍ അവതരിപ്പിച്ച സന്ദീപ് കൃഷ്ണന്‍ ഐ.പി.എസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഖല്‍ബ് എന്ന സിനിമയില്‍ നായകനായി എത്തിയതും രഞ്ജിത്ത് സജീവ് ആയിരുന്നു.

തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയമാകാതെ പോകുകയും ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്ത ചിത്രത്തില്‍ കാല്‍പ്പോ എന്ന കഥാപാത്രമായാണ് അദ്ദേഹം അഭിനയിച്ചത്. സാജിദ് യഹ്യ ആയിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.

ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് റെഫറന്‍സായി എടുത്തത് ഏതൊക്കെ സിനിമകളും കഥാപാത്രങ്ങളുമാണെന്ന് പറയുകയാണ് രഞ്ജിത്ത് സജീവ്. ഖല്‍ബിന് ടൈറ്റാനിക്കിലെ ജാക്കിനെയും ഗോളം സിനിമക്ക് ജെയിംസ് ബോണ്ട് സിനിമകളിലെ ഡാനിയേല്‍ ക്രെയ്ഗനെയുമാണെന്നാണ് നടന്‍ പറയുന്നത്.

ഖല്‍ബ് സിനിമയുടെ സമയത്ത് ഞാന്‍ ടൈറ്റാനിക് കണ്ടിരുന്നു. അതില്‍ ജാക്കിന്റെയും റോസിന്റെയും കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചു. അതിലെ കഥാപാത്രത്തിന് ഒരു ഒഴുക്കുണ്ട്. ടൂര്‍ ഗൈഡ് ആയത് കൊണ്ട് നല്ല സ്റ്റിഫ്‌നെസുള്ള ഫ്‌ളെക്‌സിബിളായ കഥാപാത്രമാണ്. ഓടിനടക്കുന്ന ഒരു ബട്ടര്‍ഫ്‌ളൈ പോലെയാണ്.

ഗോളം സിനിമ കമ്മിറ്റ് ചെയ്ത സമയത്ത് ഞാന്‍ ഡാനിയേല്‍ ക്രെയ്ഗിന്റെ മൊത്തം ജെയിംസ് ബോണ്ട് സിനിമകളും ഒരിക്കല്‍ കൂടി റീവാച്ച് ചെയ്തു. അദ്ദേഹത്തിന്റെ ആക്ഷന്‍ മാത്രമല്ല, ചില നോട്ടങ്ങളും ആറ്റിറ്റിയൂഡും ഞാന്‍ ശ്രദ്ധിച്ചു. അത് എന്റേതായ രീതിയില്‍ ക്യാപ്ച്ചര്‍ ചെയ്തു.

പുതുതായി വരാന്‍ പോകുന്ന ഹാഫ് എന്ന സിനിമക്ക് വേണ്ടിയും ഒരുപാട് റെഫറന്‍സ് എടുത്തിട്ടുണ്ട്. പക്ഷെ നമ്മള്‍ എത്ര റെഫറന്‍സ് എടുത്താലും അതില്‍ നമ്മളുടേതായ ഫ്‌ളേവര്‍ കൊണ്ടുവരാന്‍ നോക്കണം. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്,’ രഞ്ജിത്ത് സജീവ് പറയുന്നു.

Content Highlight: Ranjith Sajeev Talks About Reference Of His Characters