ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി കെ.പി.സി.സി
keralanews
ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 4:47 pm

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഞായറാഴ്ച വൈകീട്ട് ആരംഭിക്കുന്ന യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് പത്രത്തിന്റെ അവസാനത്തെ പേജില്‍ വന്ന പരസ്യത്തിലാണ് തെറ്റ് പറ്റിയത്.

ഇന്ന് വന്ന പത്രത്തിലെ പരസ്യത്തിലാണ് തെറ്റ് സംഭവിച്ചത്. കാസര്‍ഗോഡ് ഡി.സി.സി നല്‍കിയ പരസ്യത്തിലാണ് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് അച്ചടിച്ച് വന്നത്. ഇതിന് താഴെ പരസ്യം തന്നവരുടെ പേരു വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്.

കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ നല്‍കിയ കുറിപ്പും പരസ്യത്തില്‍ ഉണ്ട്.

ആദരാഞ്ജലികളോടെ എന്ന് തെറ്റിച്ച് വന്നതില്‍ വലിയ വിമര്‍ശനമാണ് കെ.പി.സി.സി ഉയര്‍ത്തിയിരിക്കുന്നത്. വീക്ഷണം മുഖപത്രത്തോട് കെ.പി.സി.സി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

ശ്രദ്ധക്കുറവുണ്ടായതായി വ്യക്തമാക്കി വീക്ഷണം അധികൃതരും രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും വീക്ഷണം പത്രത്തിന്റെ എം. ഡിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജെയ്‌സണ്‍ ജോസഫ് പറഞ്ഞു.

കാസര്‍ഗോഡ് നിന്നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. ഇതിനായി രമേശ് ചെന്നിത്തല കാസര്‍ഗോഡ് എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Veekshanam news paper given condolence instead of wishes for   Aiswarya Kerala Yathra by Ramesh chennithala