കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘സ്ത്രീലമ്പടന്മാര്‍’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.
സ്ത്രീലംബടന്മാരുടെ സംസ്ഥാന സമ്മേളനം നടത്താന്‍ മാത്രം നേതാക്കള്‍ പിണറായി വിജയന്റെ സ്വന്തം പാര്‍ട്ടിയിലുണ്ടല്ലോ എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉണ്ണിത്താന്റെ പ്രതികരണം.
‘സ്ത്രീലംബടന്മാരുടെ സംസ്ഥാന സമ്മേളനം നടത്താന്‍ മാത്രം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ നേതാക്കളെ ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് തന്നെ മറ്റൊരു സ്ത്രീലംബടനാണെന്നത് മറ്റൊരു ക്രൂരമായ തമാശയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാര്‍ എന്ന് വിശേഷിപ്പിച്ചത്.
രാഹുലിനെതിരായ രണ്ടാമത്തെ പീഡന പരാതി പൊലീസിന് കൈമാറിയത് സണ്ണി ജോസഫ് തന്നെയായിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. പരാതി രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന വാദം പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
23കാരിയുടെ പരാതി കിട്ടിയ ഉടന്‍ പൊലീസിനെ സമീപിച്ചുവെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിന് വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, തങ്ങള്‍ക്ക് മെയില്‍ വഴി പരാതി ലഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കും പരാതി ലഭിച്ചെന്നും അതില്‍ സംശയമുണ്ടെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം രാജ്മോഹന്‍ ഉണ്ണിത്താന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പ്രകോപിപ്പിക്കുകയും ചെയ്തു.
നിലവിലുള്ളതിനേക്കാള്‍ ഗുരുതരമായ പരാതികള്‍ ഇനിയും വരാനുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട്, സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ കുറിച്ചാണോ സൂചിപ്പിച്ചത് എന്ന് ചോദിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.