രണ്ട് പേരും ഒന്നിച്ച് നടക്കുന്ന ഷോട്ട് ഓക്കെയാകാന്‍ 20 ടേക്ക് വരെ പോയി, കമല്‍ സാറിന്റെ ഹൈറ്റായിരുന്നു പ്രശ്‌നം: രാജീവ് മേനോന്‍
Indian Cinema
രണ്ട് പേരും ഒന്നിച്ച് നടക്കുന്ന ഷോട്ട് ഓക്കെയാകാന്‍ 20 ടേക്ക് വരെ പോയി, കമല്‍ സാറിന്റെ ഹൈറ്റായിരുന്നു പ്രശ്‌നം: രാജീവ് മേനോന്‍
അമര്‍നാഥ് എം.
Monday, 4th May 2026, 7:18 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍- രജിനി റീയൂണിയന്‍. സിനിമാലോകത്തെ രണ്ട് അതികായര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജയിലര്‍, ജയിലര്‍ 2 തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ നെല്‍സണാണ് ഈ പ്രൊജക്ടിന് പിന്നില്‍.

രജിനിയുടെ സ്റ്റൈലും കമല്‍ ഹാസന്റെ സ്വാഗുമെല്ലാം കൃത്യമായി ഉപയോഗിച്ച പ്രൊമോയായിരുന്നു ഇത്. അനിരുദ്ധിന്റെ ഗംഭീര ബി.ജി.എം കൂടിയായപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയായി പ്രൊമോ മാറി. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വെറ്റെറന്‍ ഛായാഗ്രഹകനായ രാജീവ് മേനോനാണ്. താന്‍ ഈ പ്രൊജക്ടിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണെന്ന് വിവരിക്കുകയാണ് രാജീവ് മേനോന്‍.

രാജീവ് മേനോന്‍ Photo: Screen grab/ I Am with Dhanya Varma

ഈ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ നെല്‍സണ്‍ മണിരത്‌നത്തെ കണ്ട് സംസാരിച്ചെന്നും ആ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്നും രാജീവ് മേനോന്‍ പറയുന്നു. കഥയെക്കുറിച്ചുള്ള ബേസിക് ഐഡിയ പറഞ്ഞപ്പോള്‍ തന്നെ മണിരത്‌നത്തിന് അത് ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു രാജീവ് മേനോന്‍.

‘ആ കഥയുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചപ്പോള്‍ ‘നിങ്ങള്‍ ഈ പടത്തിന് ക്യാമറ ചെയ്യുമോ’ എന്ന് നെല്‍സണ്‍ ചോദിച്ചു. ഇത്രയും വലിയൊരു അവസരം വെറുതെ കളയണ്ടെന്ന് തീരുമാനിച്ച് ഞാന്‍ അതിന് സമ്മതിച്ചു. കമല്‍ സാറിനെ വെച്ച് ചില പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രജിനി സാറിനൊപ്പം ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല. ചെന്നൈയില്‍ പ്രത്യേക സെറ്റൊക്കെ ഇട്ട് മുംബൈ, ദുബായ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മോഡലുകളെ കൊണ്ടുവന്നിട്ടാണ് പ്രൊമോ ഷൂട്ട് ചെയ്തത്.

നെല്‍സണ്‍ പ്രൊമോയ്ക്ക് വേണ്ടി പ്രത്യേക സ്‌ക്രിപ്‌റ്റൊക്കെ റെഡിയാക്കി അതില്‍ പല തിരുത്തലുകള്‍ വരുത്തിയിട്ടാണ് ഷൂട്ട് ചെയ്തത്. രണ്ടുപേരും ഒരുമിച്ച് നടക്കുന്ന ഷോട്ട് 20 ടേക്ക് വരെ പോയിരുന്നു. ആ ഒരു സിങ്ക് പെര്‍ഫക്ടായി കിട്ടാന്‍ വേണ്ടിയിട്ടാണ് അത്രയും ടേക്ക് പോയത്. പിന്നീടുള്ള ഒരു പ്രോബ്ലം ഇരുവരുടെയും ഹൈറ്റ് തമ്മില്‍ സിങ്ക് ചെയ്യിക്കുന്നതായിരുന്നു.

കമല്‍ സാറിനും രജിനി സാറിനും ഒരേ ഹൈറ്റ് തോന്നിക്കാനായി ഒരു സ്റ്റൂള്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ‘അതെല്ലാം എതുക്ക് പ്പാ’ എന്ന് രജിനി സാര്‍ പറഞ്ഞു. അദ്ദേഹം ഷൂ അഴിച്ചുവെച്ച് ആ ഷോട്ടെടുത്തു. രണ്ട് താരങ്ങളുടെയും ആരാധകര്‍ക്ക് ഒരുപോലെ ഇഷ്ടമാകുന്ന ചിത്രം തന്നെയാകും ഇത്,’ രാജീവ് മേനോന്‍ പറഞ്ഞു.

Content Highlight: Rajiv Menon about the promo shoot of KH RK reunion

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം