കേരളത്തില്‍ നിപ ബാധിച്ചവരെല്ലാം മരിച്ചെന്ന തെറ്റായ പ്രസ്താവനയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Rahul Mamkootathil
കേരളത്തില്‍ നിപ ബാധിച്ചവരെല്ലാം മരിച്ചെന്ന തെറ്റായ പ്രസ്താവനയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 1:36 pm

കോട്ടയം: കേരളത്തില്‍ നിപ ബാധിച്ച രോഗികളെല്ലാം മരണപ്പെട്ടെന്ന തെറ്റായ പ്രസ്താവനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ രണ്ട് അടിയന്തരാവസ്ഥകളില്‍ ഒന്നായിരുന്നു നിപയെന്നും നിപ ബാധിച്ചവരെല്ലാം മരിച്ചെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഒരു രോഗം ബാധിച്ചവരെല്ലാം മരണപ്പെട്ടതാണോ സര്‍ക്കാറിന്റെ വിജയമെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമായിരുന്നു എന്ന് അദ്ദേഹം കുറപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യയിലാണെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പൂഴ്ത്തിവെച്ചതില്‍ ഒന്നാം സ്ഥാനത്താണ് കേരളമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ പ്രസംഗത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നടത്തിയ പ്രസംഗത്തില്‍ വസ്തുതാപരമായി രണ്ട് പിശകുകളാണ് സംഭവിച്ചിട്ടുള്ളത്. ഒന്ന്, കേരളത്തില്‍ നിപ ബാധിച്ച രോഗികളെല്ലാം മരണപ്പെട്ടില്ല. 2018ലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥീരീകരിച്ചത്. അന്ന് രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്കായിരുന്നു, ഇതില്‍ രണ്ട് പേര്‍ക്ക് രോഗം പൂര്‍ണമായി ബേധപ്പെട്ടു. 16 പേര്‍ മരണത്തിന് കിഴടങ്ങി. രോഗം സംശയച്ചിരുന്ന ഒരാള്‍ നേരത്തെയും മരണപ്പെട്ടിരുന്നു.

പിന്നീട് 2019ല്‍ 23 വയസുള്ള ഒരു വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ചികിത്സക്ക് ശേഷം പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചെത്തി. പിന്നീട് 2021ലാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചത്. 12 വയസുള്ള ഈ കുഞ്ഞിന് മരണശേഷമാണ് നിപ സ്ഥീരീകരിച്ചത്.

2023ല്‍ കേരളത്തില്‍ വീണ്ടും 6 പേര്‍ക്ക് നിപ സ്ഥീരീകരിച്ചു. ഇതില്‍ രണ്ട് പേര്‍മരണത്തിന് കീഴടങ്ങുകയും നാല് പേര്‍ ജിവിതത്തിലേക്ക് തിരികയെത്തുകയും ചെയ്തു. പിന്നീട് 2024ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ യുവാവും നിപ ബാധിച്ച് മരണത്തിന് കീഴടങ്ങി.

പിന്നീട് ഇന്നാണ് (2025 ജൂലൈ 4) കേരളത്തില്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിയായ രോഗിക്കും നിപ സംശയിക്കുന്നുണ്ട്. ഇവരുടെ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.

നിപ സംബന്ധിച്ച കേരളത്തിലെ മരണ നിരക്കിന്റെ വസ്തുത ഇതാണെന്നിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതും ചികിത്സയിലിരിക്കുന്ന രോഗിക്കും അവരുടെ ബന്ധുകള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

കൊവിഡ് കണക്കുകള്‍ മറച്ചുവെച്ചതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ മറ്റൊരു പ്രസ്താവന. ഇതും തെറ്റാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2025 മെയില്‍ പുറത്തുവിട്ട കണക്കുകള്‍. താരതമ്യേന കൊവിഡ് സംബന്ധിച്ച കണക്കുകള്‍ സുതാര്യമായി പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊവിഡ് മരണങ്ങള്‍ മറച്ചുവെച്ചതില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്താണെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. തൊട്ടുപിന്നാലെ മധ്യപ്രദേശ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണെന്നും സിവില്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ കേന്ദ്രം വെളിപ്പെടുത്തിയതിനേക്കാള്‍ 20 ലക്ഷത്തിലേറെ കൊവിഡ് മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

CONTENT HIGHLIGHTS: Rahul Mamkootathil with the false statement that all Nipa affected people in Kerala have died