മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തില്‍ ചാടി രാഹുല്‍ ഗാന്ധി; ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം വൈറല്‍
India
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തില്‍ ചാടി രാഹുല്‍ ഗാന്ധി; ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2025, 7:35 pm

പാട്‌ന: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ തുടരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീഡിയോകള്‍ വൈറല്‍. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലേക്ക് ചാടുകയും മീന്‍ പിടിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബീഹാറിലെ ബെഗുസാരായില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ‘ബീഹാറിലെ നദികളും മത്സ്യത്തൊഴിലാളികളും സംസ്ഥാനത്തിന്റെ ജീവനാണ്. അവരുടെ അവകാശം സംരക്ഷിക്കാന്‍ എപ്പോഴും ഒപ്പമുണ്ട്,’ തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഐ.പി (വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി) മേധാവിയും മഹാഗത്ബന്ധന്‍ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മുകേഷ് സഹാനിയ്ക്കും കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനുമൊപ്പമാണ് രാഹുല്‍ ബെഗുസാരായിലെ മത്സ്യത്തൊഴിലാളികളെ കാണാനെത്തിയത്.


ബെഗുസാരായില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഭര എന്ന ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളെയാണ് രാഹുലും സംഘവും സന്ദര്‍ശിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോകള്‍ക്ക് താഴെ ബീഹാറിലെ മഹാസഖ്യത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. രാഹുല്‍ ഗാന്ധിക്ക് ‘ഹേയ് ബഡി, ഇന്ത്യയുടെ ബഡി’ തുടങ്ങിയ വിശേഷണങ്ങളും ലഭിക്കുന്നുണ്ട്.

അതേസമയം ബെഗുസാരായിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാതെ അദ്ദേഹം അപ്രത്യക്ഷനാകുമെന്നും രാഹുല്‍ വിമര്‍ശിച്ചു.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന മേഖലയാണ് ബെഗുസാരായ്. ഈ മേഖലയില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ മുന്‍നിര്‍ത്തി മഹാസഖ്യം നടത്തുന്ന പ്രചരണം പ്രതിപക്ഷത്തിന് അനുകൂലമാകുമെന്ന വിലയിരുത്തലുകളുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ നാല്, പതിനൊന്ന് തീയതികളില്‍ തെരഞ്ഞെടുപ്പും 14ന് വോട്ടെണ്ണലും നടക്കും.

Content Highlight: Rahul Gandhi jumps into water with fishermen; Bihar election campaign goes viral