മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിത്തറ; ആര്‍.എസ്.എസ് എപ്പോഴും ഭരണഘടനക്ക് മുകളില്‍ മനുസ്മൃതിയെ അടിച്ചേല്‍പ്പിക്കുന്നു: എം.എ. ബേബി
national news
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിത്തറ; ആര്‍.എസ്.എസ് എപ്പോഴും ഭരണഘടനക്ക് മുകളില്‍ മനുസ്മൃതിയെ അടിച്ചേല്‍പ്പിക്കുന്നു: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 5:45 pm

ന്യൂദല്‍ഹി: ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഭരണഘടനയുടെ അന്തസത്തയാണ് മതേതരത്വവും സോഷ്യലിസവുമെന്ന് എം.എ. ബേബി പറഞ്ഞു.

ആര്‍.എസ്.എസ് എല്ലാകാലത്തും ഭരണഘടനയുടെ മുകളിലാണ് മനുസ്മൃതിയെ കണ്ടിരുന്നതെന്നും എന്നാല്‍ മതേതരത്വവും തുല്യതയുമാണ് ഭരണഘടനയുടെ അടിത്തറയെന്നും എം.എ. ബേബി എക്‌സില്‍ കുറിച്ചു. ആര്‍.എസ്.എസിന്റെ ഈ താത്പര്യത്തിനെതിരെ ജനാധിപത്യ റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനായി സി.പി.ഐ.എം ശക്തമായി പോരാടുമെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ ആമുഖത്തില്‍ ‘മതേതര, സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടിരുന്നു. അംബേദ്ക്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസവും മതേതതരത്വവും ഇല്ലായിരുന്നെന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് നേതാവ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസാണ് ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും അതിനാല്‍ ഇവ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ആര്‍.എസ്.എസ് നേതാവ് ആവശ്യപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍ എന്ന ഹിന്ദുസ്ഥാന്‍ സമാചാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവയെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ വിവാദപരാമര്‍ശം.

‘അടിയന്തരാവസ്ഥ കാലഘട്ടത്തില്‍, സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ബലമായി ചേര്‍ത്തു. ഇന്ന്, ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ ഇന്ന് ഭരണഘടനയുമായാണ് സഞ്ചരിക്കുന്നത്. അവര്‍ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല,’ ഹൊസബലെ പറഞ്ഞു

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ഹൊസബലെ ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഭരണഘടന മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതല്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ആര്‍.എസ്.എസിന്റെ നിര്‍ദേശം നമ്മുടെ ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള മനപൂര്‍വമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  R.S.S always pushed Manusmriti over our Constitution says M.A. Baby