റിഷബ് പന്തിനോട് എല്ലാ മത്സരത്തിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മുന്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. ലഖ്‌നൗ മാനേജ്‌മെന്റ് താരത്തോട് ഇതേ കാര്യം ആവശ്യപ്പെടണമെന്നും അവന് പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും അശ്വിന്‍ പറഞ്ഞു.
മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തില്‍ അടുത്ത മത്സരത്തിലും ബാറ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് 50-50 എന്ന മറുപടി നല്‍കിയതിന് പിന്നാലെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏറെ നിര്‍ഭാഗ്യകരമായ രീതിയിലായിരുന്നു റിഷബ് പന്ത് പുറത്തായത്. എന്നാല്‍ അതിനേക്കാള്‍ നിര്‍ഭാഗ്യകരം മത്സരശേഷം അവന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ ഇന്നിങ്‌സ് ചെയ്യുമോ എന്ന ചോദ്യത്തിന് 50-50 എന്നായിരുന്നു അവന്റെ മറുപടി. ഞാന്‍ നിന്നോട് കൈകൂപ്പി അപേക്ഷിക്കുകയാണ്, ദയവായി എല്ലാ മത്സരത്തിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യൂ.
ജസ്റ്റിന്‍ ലാംഗര്‍ ആകട്ടെ, ടീം മാനേജ്‌മെന്റിലെ ആരുമാകട്ടെ അവര്‍ റിഷബ് പന്തിനോട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും പവര്‍പ്ലേയില്‍ സ്വതന്ത്രമായി കളിക്കാനും ആവശ്യപ്പെടണം. 14 മത്സരത്തിലും അവന്‍ ഓപ്പണറായി തന്നെ കളിക്കട്ടെ,’ അശ്വിന്‍ പറഞ്ഞു.
അശ്വിന്‍ പറഞ്ഞതുപോലെ തീര്‍ത്തും നിര്‍ഭാഗ്യകരമായിട്ടായിരുന്നു പന്തിന്റെ മടക്കം. മൂന്നാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന മിച്ചല്‍ മാര്‍ഷ് ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചു. പന്തെറിഞ്ഞ മുകേഷ് കുമാര്‍ ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
എന്നാല്‍ മുകേഷിന്റെ കയ്യിലുരസിയ പന്ത് നേരെ ചെന്നുകൊണ്ടത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിലാണ്. ഈ സമയം ക്രീസിന് വെളിയിലായിരുന്ന പന്ത് റണ്‍ ഔട്ടായി പുറത്താവുകയും ചെയ്തു.
ഒമ്പത് പന്ത് നേരിട്ട് ഏഴ് റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. 77.78 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്ത്.
An unfortunate run out for Rishabh Pant to begin the season 😮
ശേഷിക്കുന്ന മറ്റ് മത്സരങ്ങളിലും ഓപ്പണറായി കളത്തിലിറങ്ങാന്‍ അശ്വിന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ റോളില്‍ അത്രകണ്ട് മികച്ച റെക്കോഡല്ല പന്തിനുള്ളത്. ആറ് മത്സരത്തില്‍ നിന്നും 22.0 ശരാശരിയിലും 128നോട് അടുപ്പിച്ച് സ്‌ട്രൈക് റേറ്റിലും 132 റണ്‍സാണ് പന്തിന് നേടാന്‍ സാധിച്ചത്.
ഏപ്രില്‍ അഞ്ചിനാണ് ലഖ്‌നൗ അടുത്ത മത്സരത്തിനിറങ്ങുന്നത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വേദി.
Content highlight: R Ashwin says Rishabh Pant should open innings for LSG