അടിച്ചത് ഒറ്റ സിക്‌സ്, പിറന്നത് '700ന്റെ ചരിത്രം'; ലോകകപ്പില്‍ ഇങ്ങനെയൊരു റെക്കോഡ് ആദ്യമായി!
Cricket
അടിച്ചത് ഒറ്റ സിക്‌സ്, പിറന്നത് '700ന്റെ ചരിത്രം'; ലോകകപ്പില്‍ ഇങ്ങനെയൊരു റെക്കോഡ് ആദ്യമായി!
ശ്രീരാഗ് പാറക്കല്‍
Thursday, 5th March 2026, 6:42 pm

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങി സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു തോല്‍വി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കിവീസ് 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി എട്ട് പന്തില്‍ 10 റണ്‍സ് നേടിയാണ് പുറത്തായത്. ഒരു സിക്‌സും ഒരു ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഇന്നിങ്‌സിലെ ആദ്യ ഓവറിനെത്തിയ മാറ്റ് ഹെന്റിയുടെ അഞ്ചാം പന്തിലാണ് ഡി കോക്ക് സിക്‌സര്‍ പറത്തിയത്.

ഡി കോക്ക് നേടിയ ഈ ഒറ്റ സിക്‌സറില്‍ പിറന്നത് ഒരു ചരിത്ര നേട്ടം കൂടിയായിരുന്നു. ലോകകപ്പിലെ 700ാം സിക്‌സറായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഐ.സി.സിയുടെ വൈറ്റ് ബോള്‍ ഇവന്റിലെ തന്നെ ആദ്യമായാണ് 700 സിക്‌സറുകള്‍ പിറക്കുന്നത്.

അതേസമയം ഫിന്‍ അലന്റെ സെഞ്ച്വറിക്ക് മുന്നില്‍ പ്രോട്ടിയാസ് മുട്ടുകുത്തിയാണ് പ്രോട്ടിയാസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നത്. 33 പന്തില്‍ 100 റണ്‍സെടുത്ത് താരം പുറത്താവാതെ നിന്നു. എട്ട് സിക്‌സും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 303.03 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. അലന് പുറമെ ടിം സീഫേര്‍ട്ട് 33 പന്തില്‍ 58 റണ്‍സും രചിന്‍ രവീന്ദ്ര 11 പന്തില്‍ 13 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. സൗത്ത് ആഫ്രിക്കക്കയുടെ ഏക വിക്കറ്റ് കാഗിസോ റബാദക്കാണ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി തിളങ്ങിയത് മാര്‍ക്കോ യാന്‍സനാണ്. താരം 30 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്തു. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ 34 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്സ് 24 പന്തില്‍ 29 റണ്‍സും സംഭാവന ചെയ്തു.

കിവീസിനായി രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും കോള്‍ മക്കോന്‍ച്ചിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ലോക്കി ഫെര്‍ഗുസണ്‍, ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.

Content Highlight: Quinton De Kock Create History In T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ