തെരഞ്ഞെടുപ്പ് ആറ് ദിവസം നീട്ടിവെക്കണം; കമ്മീഷന് കത്തയച്ച് ചരണ്‍ജിത് സിംഗ് ചന്നി
national news
തെരഞ്ഞെടുപ്പ് ആറ് ദിവസം നീട്ടിവെക്കണം; കമ്മീഷന് കത്തയച്ച് ചരണ്‍ജിത് സിംഗ് ചന്നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 9:04 am

ചണ്ഡിഗഡ്: തെരഞ്ഞടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി.

ഫെബ്രുവരി 14ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് ആറ് ദിവസത്തേക്ക് നീട്ടിവെക്കണമെന്നാണ് ചന്നി കത്തില്‍ ആവശ്യപ്പെടുന്നത്.

ഫെബ്രുവരി 16ന് ശ്രീ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനമാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ദളിത് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ തെരഞ്ഞടുപ്പ് നീട്ടിവെക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കാണ് കത്തയച്ചത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന എസ്.സി വിഭാഗത്തില്‍ പെട്ട ചില പ്രതിനിധികള്‍ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനത്തിന്റെ കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതിനാലാണ് ആവശ്യം മുന്നോട്ട് വെക്കുന്നതെന്നും കത്തില്‍ പറയുന്നു.

”എസ്.സി വിഭാഗത്തില്‍ പെട്ട വിലിയൊരു വിഭാഗം ഭക്തര്‍ (ഏകദേശം 20 ലക്ഷം) ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ പലര്‍ക്കും തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല,” കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 86 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും.

നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ്, മോഗ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മാളവിക കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം, മാളവിക സൂദിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ജോത് കമാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഹര്‍ജോത് ബി.ജെ.പിയില്‍ ചേര്‍ന്നു.

പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി ഫെബ്രുവരി 14നാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Punjab CM charanjit singh channi writes to EC seeking postponement of Feb 14 Assembly polls by six days