ബെംഗളൂരു: തിങ്കളാഴ്ച നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതി പരിശോധിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ചൊവ്വാഴ്ച പറഞ്ഞു.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്താനിരിക്കെയാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണെന്നും അത് മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഖാർഗെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങൾ തടസപ്പെടുത്തരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് പൊലീസ് ഇവിടെയുള്ളത്. നിങ്ങളുടെ ശബ്ദത്തെ തടയാനല്ല,’ മന്ത്രി പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിൽ മാത്രം പൊലീസിന്റെ ചുമതല ഒതുങ്ങുന്നില്ലെന്നും, ഓരോ പൗരനും ഭയമില്ലാതെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, പൊതുസമാധാനത്തിനായി ഈ അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള തർക്കങ്ങൾക്ക് പ്രധാന കാരണം ഇത്തരം നിയന്ത്രണങ്ങളാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും, അതിന് ചില നിയന്ത്രണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ അവകാശം ഏകപക്ഷീയമായി നിഷേധിക്കാനാവില്ല. പ്രതിഷേധത്തിന്റെ സമയം, സ്ഥലം, രീതി എന്നിവയിൽ അധികൃതർക്ക് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിഷേധക്കാർ പൊലീസുമായി സഹകരിക്കുകയും പ്രതിഷേധത്തെക്കുറിച്ച് മുൻകൂട്ടി അധികൃതരെ അറിയിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രതിഷേധക്കാരുടെ സുരക്ഷയും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ വലിയ പ്രതിഷേധങ്ങൾക്കായി ദീർഘകാലമായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണ് ഫ്രീഡം പാർക്ക്. നഗരത്തിലെ മറ്റിടങ്ങളിൽ പ്രതിഷേധിക്കാൻ പലപ്പോഴും പൊലീസ് അനുമതി വേണം.

ചിലയിടങ്ങളിൽ നിരോധന ഉത്തരവുകളുമുണ്ട്. പ്രതിഷേധങ്ങൾ ഒരു സ്ഥലത്തേക്ക് മാത്രം പരിമിതപ്പെടുത്തുന്നത് അവയുടെ പൊതുശ്രദ്ധയും ഫലപ്രാപ്തിയും കുറയ്ക്കുമെന്നാണ് ആക്ടിവിസ്റ്റുകളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും വാദം. എന്നാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുജനസുരക്ഷ ഉറപ്പാക്കാനും ഈ നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Content Highlight:Protest against Election Commissioner: Activists and journalists taken into custody; Karnataka government to examine police action.