കോഴിക്കോട്: വിവാദകേശ വിഷയത്തില്‍ മുസ്‌ലീം ലീഗിനെ വിശ്വാസത്തിലെടുക്കേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം യോഗത്തില്‍ ധാരണയായതായി വാര്‍ത്ത.
വിവാദകേശത്തില്‍ കാന്തപുരത്തിന് അനുകൂലമായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ സമസ്ത നേരിട്ട് കോടതിയില്‍ പോകാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.[]
[]പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള സമരപരിപാടികള്‍ പുനരാരംഭിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി മുഴുവന്‍ പോഷകസംഘടനകളേയും ഉള്‍ക്കൊള്ളിച്ച് ഒരാഴ്ച്ചക്കകം യോഗം വിളിക്കാനും നേതാക്കള്‍ തീരുമാനിച്ചു. പ്രവാചക കേശമെന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൈവശം വെച്ചിരിക്കുന്ന മുടിയുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നത് മതസൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
മുടിയുടെ സത്യാവസ്ഥ തെളിയിക്കാനുള്ള മാര്‍ഗം നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആത്മീയ ചൂഷണത്തെ ന്യായീകരിക്കുന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലമെന്ന് സമസ്ത നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.
മുടിയുടെ മറവില്‍ മതപരമായി ചൂഷണവും പണപ്പിരിവും നടക്കുന്നതായി കാണിച്ച് വടകരയിലെ യു.സി അബൂബക്കര്‍ ഹൈക്കോടതയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് സര്‍ക്കാര്‍ കാന്തപുരം വിഭാഗത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്.
തങ്ങളുടെ ശക്തി എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ എസ്.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് കാന്തപുരം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതാണ്.
ഇതിനാല്‍ തന്നെ കാന്തപുരം വിഭാഗത്തിനെതിരെ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് ഒന്നുമടിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും വെട്ടിലായിരിക്കുന്നത് മുസ്‌ലീം ലീഗാണ്.
വിവാദകേശവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ കൊണ്ട് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഈ വാക്ക് പാലിക്കാനാവാതെയാണ് ലീഗ് നേതൃത്വം കുഴയുന്നത്.
ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിന്റെ കൈയ്യിലായതിനാല്‍ വിഷയത്തില്‍ ലീഗിന് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ലീഗ് നേതൃത്വം ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. കാന്തപുരത്തെ ചൊടിപ്പിക്കുന്ന യാതൊന്നും ചെയ്യാന്‍ കോണ്‍ഗ്രസും തയ്യാറാവില്ല.
ആഭ്യന്തരവിഷയത്തില്‍ ലീഗിനെ ഇടപെടീക്കില്ല എന്ന തീരുമാനവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ലീഗ് പിണങ്ങിയാലും ഇടതുപക്ഷവുമായി അകന്ന് നില്‍ക്കുന്ന കാന്തപുരം വിഭാഗത്തെ പിണക്കരുതെന്നാണ് ആര്യാടന്‍ അടക്കമുള്ള നേതാക്കളുടെ നിലപാട്.
ഏപ്രില്‍ 14 ന് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മധ്യവേനലവധി കഴിഞ്ഞ് കോടതി തുറന്നാല്‍ പുതിയ സത്യാവാങ്മൂലം സര്‍ക്കാറിനെ കൊണ്ട് സമര്‍പ്പിക്കുമെന്നായിരുന്നു ധാരണയായത്. പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം തങ്ങള്‍ ഏറ്റെടുക്കുമെന്ന് അന്നുതന്നെ സമസ്ത നേതാക്കള്‍ മു്ന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതെല്ലാം കൊണ്ടും ലീഗ് നേതൃത്വം മുടി വിഷയത്തില്‍ തീര്‍ത്തും നിസ്സഹായവസ്ഥയില്‍ ആയിരിക്കുകയാണ്.
