ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതി ബ്രിട്ടന്‍ നിരോധിക്കണമെന്ന് യു.കെ പാര്‍ലമെന്ററി വിദേശ കാര്യ സമിതി അധ്യക്ഷ എമിലി തോണ്‍ബെറി. വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കുടിയേറ്റക്കാരുടെ അക്രമവും കുടിയേറ്റ മേഖലകളുടെ വ്യാപനവും രൂക്ഷമായ സാഹചര്യത്തിലാണ് ആവശ്യമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകളില്‍ നിന്നുള്ള സാധനങ്ങള്‍ ബ്രിട്ടീഷ് വിപണിയില്‍ വില്‍ക്കുന്നത് തടയുന്നത് ഇസ്രഈല്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ കുറയ്ക്കുന്നതിനുള്ള ഒരു നടപടിയാകുമെന്ന് തോണ്‍ബെറി പറഞ്ഞു.
‘ ഒരു വര്‍ഷം മുമ്പ് വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന ബ്രിട്ടനില്‍ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് എന്റെ സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല,’ തോണ്‍ബറി സ്‌കൈന്യൂസിനോട് പറഞ്ഞു.
കുടിയേറ്റ മേഖലകളുടെ വ്യാപനം ഇസ്രഈലികളും ഫലസ്തീനികളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തുകയാണെന്നും തോണ്‍ബറി പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ മേഖലകള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്. അടുത്തിടെ വെസ്റ്റ് ബാങ്കിലെ ഇ-1 മേഖലയില്‍ കുടിയേറ്റ നിര്‍മാണത്തിനായി ഇസ്രഈല്‍ ടെന്‍ഡര്‍ ക്ഷണിച്ചതിനെയും ബ്രിട്ടന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഈ പദ്ധതി വെസ്റ്റ് ബാങ്കിനെയും കിഴക്കന്‍ ജറുസലേമിനെയും വേര്‍തിരിക്കുകയും രണ്ട് രാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ ബാധിക്കുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഫലസ്തീന്‍ രാഷ്ട്രമെന്ന പ്രതീക്ഷയെ ഇല്ലാതാക്കന്‍ നിരന്തരം ശ്രമിക്കുന്ന ഒരു തീവ്രവലതുപക്ഷ ഗവണ്‍മെന്റാണ് ഇസ്രഈലിലുള്ളത്. മാത്രമല്ല അവര്‍ വെസ്റ്റ് ബാങ്കിനെ തന്നെ രണ്ടായി വിഭജിക്കാന്‍ ഒരുങ്ങുകയാണ്,’ തോണ്‍ബറി പറഞ്ഞു.
വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഇസ്രഈല്‍ ചെയ്താല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യു.കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിലവില്‍ ഇസ്രഈല്‍ കുടിയേറ്റ മേഖലകളുമായുള്ള വ്യാപാരം ബ്രിട്ടന്‍ പൂര്‍ണമായി നിരോധിച്ചിട്ടില്ല. എന്നാല്‍ ഇത്തരം കുടിയേറ്റ മേഖലകളുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുടിയേറ്റ മേഖലകളില്‍ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിക്ക് നിയമപരമായ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെയും നിരവധി ബ്രിട്ടീഷ് എം.പിമാര്‍ ഉന്നയിച്ചിരുന്നു.
ഇസ്രഈല്‍ സര്‍ക്കാര്‍ ഇ-1 മേഖലകളിലെ പദ്ധതികള്‍ ഉടന്‍ നിര്‍ത്തിവെച്ച് ടെന്‍ഡര്‍ പിന്‍വലിക്കാനും എല്ലാ കുടിയേറ്റ വിപുലീകരണ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും യു.കെ വിദേശകാര്യ സെക്രട്ടറി എഡ്. മിലിബാന്‍ഡ് ഇസ്രഈലിനോടാവശ്യപ്പെട്ടു.
കുടിയേറ്റ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബ്രിട്ടനില്‍ വില്‍ക്കുന്നത് നിരോധിക്കുന്നതുവഴി ഇസ്രഈല്‍ അധിനിവേശത്തെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് തോണ്‍ബറി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.
Content Highlights: Products from Israeli settlements in the West Bank must be banned: British MP
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.