തുടരും സിനിമയിലേക്ക് ശോഭനയ്ക്ക് പകരം ആദ്യം സമീപിച്ചത് തമിഴ് നടി ജ്യോതികയെ ആയിരുന്നു. ഡേറ്റ് പ്രശ്‌നം കാരണമായിരുന്നു അവര്‍ക്ക് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതിരുന്നത്.
തുടരും സിനിമ കണ്ട ശേഷം ജ്യോതിക തന്നെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് രഞ്ജിത്.
തുടരും കണ്ട് ജ്യോതിക വിളിച്ചെന്നും ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ചോദിച്ചതെന്നും രഞ്ജിത് പറയുന്നു. ഒപ്പം ആ കഥാപാത്രത്തിലേക്ക് ഏറ്റവും അനുയോജ്യ ശോഭന തന്നെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ നായികയായി സ്ഥിരം ആളുകള്‍ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇത്രയും വയസായ മക്കള്‍ ഉണ്ട്. അങ്ങനെ കുറേ കാര്യങ്ങള്‍ ഉണ്ട്. കാസ്റ്റില്‍ എന്തെങ്കിലും വ്യത്യാസം വേണം എന്ന് തരുണ്‍ ആദ്യം മുതലേ പറയുന്നുണ്ട്.
ജ്യോതികയെ ആണ് ആദ്യം അപ്രോച്ച് ചെയ്യുന്നത്. അവര്‍ക്ക് പക്ഷേ ഒരു മാസം കഴിഞ്ഞിട്ടേ ഡേറ്റ് ഉള്ളൂ എന്ന് പറഞ്ഞു. അവര്‍ പടം കണ്ടിട്ട് എന്നെ വിളിച്ചിരുന്നു. ഈ എനിക്ക് നഷ്ടപ്പെട്ടുപോയി എന്ന് പറഞ്ഞു.
പക്ഷേ ഞാനിപ്പോഴും പറയുന്നത് ആ കഥാപാത്രത്തിലേക്ക് ഏറ്റവും കറക്ട് ശോഭന തന്നെയായിരുന്നു എന്നാണ്. ശോഭനയെ വേണമെന്ന് ആദ്യമേ ആലോചിക്കുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയില്‍ പെട്ടെന്ന് കിട്ടുക എന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു.
നായികയുടെ കാര്യം നടക്കാതെ വന്നപ്പോള്‍ തരുണ്‍ തന്നെയാണ് എന്നോട്, ചേട്ടനുമായി നല്ല അടുപ്പം ഉള്ളതല്ലേ, ഒന്ന് വിളിച്ച് ചോദിച്ചാലോ എന്ന് ചോദിക്കുന്നത്.
ഞാനും ചിപ്പിയുമായി നല്ല അടുപ്പമാണ്. അങ്ങനെയാണ് വിളിക്കുന്നത്. എനിക്ക് ഇവിടെ ക്ലാസും നിരവധി പ്രോഗ്രാമുമൊക്കെയുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അവിടെ എങ്ങനെ വന്നുപോകുമെന്ന് ചോദിച്ചു.
എല്ലാ ആഴ്ചയിലും രണ്ടും മൂന്നും ദിവസം വെച്ച് പ്രോഗ്രാം കമ്മിറ്റഡാണെന്ന് പറഞ്ഞു. അതെല്ലാം ചെയ്യാം. ആദ്യം ഈ സിനിമയുടെ കഥ കേട്ട് നോക്കൂ. കഥ കൊള്ളില്ലെങ്കില്‍ നമ്മള്‍ സംസാരിക്കേണ്ടല്ലോ എന്ന് ചോദിച്ചു.
അങ്ങനെയാണ് തരുണിന്റെ നമ്പര്‍ കൊടുക്കുന്നത്. തരുണ്‍ രാവിലെ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ ശോഭനയുടെ വീഡിയോ കോള്‍ തരുണിന് വരികയായിരുന്നു. അവര്‍ കഥ കേട്ടു. സിനിമ ഓടും കേട്ടോ എന്ന് എന്നെ വിളിച്ചു പറഞ്ഞു.
അവരാണ് അത് ആദ്യം പറഞ്ഞത്. എനിക്ക് ചെയ്യണമെന്നുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് അവര്‍ അവരുടെ ഡേറ്റുകള്‍ എനിക്ക് അയച്ചുതരുന്നതും അതിനനുസരിച്ച് ചാര്‍ട്ട് ചെയ്യുന്നതും.
ശോഭന ഉളള ദിവസം ചേട്ടന് ബിഗ് ബോസ് ഉണ്ടാകും. അങ്ങനെ മാനേജ് ചെയ്താണ് ഓരോ സീനും ഷൂട്ട് ചെയ്തത്. ഈ സിനിമയില്‍ അവരെ അടിക്കുന്നു, ചവിട്ടുന്നു ഇതൊക്കെയുണ്ട്.
ലാത്തി കൊണ്ട് അടി കിട്ടിയിട്ട് അവര്‍ക്ക് ഭീകരമായി വേദനിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോട്ടോ അയച്ചു. കൈ ഈ കളറാകുന്നു എന്ത് ചെയ്യണമെന്ന് ചോദിച്ചിട്ടായിരുന്നു ആ മെസ്സേജ്.
കൈ നീലക്കളറായി. നല്ല അടിയായിരുന്നു കിട്ടിയത്. ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടെന്ന് പറഞ്ഞു. കലാകാരിയെന്ന് പറഞ്ഞാല്‍ ഫുള്‍ കലാകാരിയാണ്. കലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് അവര്‍,’ രഞ്ജിത് പറഞ്ഞു.
Content Highlight: Producer Renjith about Actress Jyothikas Call after watching Thudarum