സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്നതല്ല തുടരും സിനിമയുടെ യഥാര്‍ത്ഥ ബജറ്റ്: രജപുത്ര രഞ്ജിത്
Entertainment
സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്നതല്ല തുടരും സിനിമയുടെ യഥാര്‍ത്ഥ ബജറ്റ്: രജപുത്ര രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 4:06 pm

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് രജപുത്ര രഞ്ജിത്. സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ ബജറ്റിനെക്കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത് താന്‍ കാണാറുണ്ടെന്ന് രഞ്ജിത് പറഞ്ഞു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്നും കൃത്യമായ ബജറ്റ് വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമക്ക് വേണ്ട കാര്യങ്ങള്‍ മാത്രമേ താന്‍ ചെലവാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. അത് മാധ്യമങ്ങളോട് പറയുന്നത് തന്റെ ചുമതലയല്ലെന്നും അതിന്റെ ആവശ്യമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഏറ്റവുമധികം ചെലവായത് സെറ്റുകള്‍ക്കാണെന്നും പൊലീസ് സ്റ്റേഷനടക്കം സെറ്റിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജിത്.

‘തുടരും സിനിമയുടെ ബജറ്റിനെക്കുറിച്ച് പലരും പറയുന്നത് കാണുന്നുണ്ട്. സിനിമ കണ്ടതിന്റെ അറിവില്‍ പലരും പല തുകകളാണ് പറയുന്നത്. പക്ഷേ, അതൊന്നും സത്യമല്ല. യഥാര്‍ത്ഥത്തില്‍ എത്രയാണ് ചെലവായതെന്ന് എനിക്ക് അറിയാം. അത് മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പടത്തിന് വേണ്ട കാര്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കിയിട്ടുള്ളൂ. പടത്തില്‍ ഏറ്റവും കൂടുതല്‍ ചെലവായത് സെറ്റുകള്‍ക്കാണ്. ആ പൊലീസ് സ്‌റ്റേഷനടക്കം സെറ്റിട്ടതാണ്. ആ ഡമ്പിങ് യാര്‍ഡില്‍ കിടക്കുന്ന വണ്ടികളെല്ലാം പല സ്ഥലത്ത് നിന്ന് കൊണ്ടുവന്നതാണ്. അതുപോലെ ഉരുള്‍ പൊട്ടലൊക്കെ വലിയ പറമ്പ് കിളച്ച് സെറ്റിട്ടതാണ്,’ രജപുത്ര രഞ്ജിത് പറഞ്ഞു.

ശോഭനയാണ് ചിത്രത്തിലെ നായികയായി എത്തിയത്. പ്രകാശ് വര്‍മ, ബിനു പപ്പു, തോമസ് മാത്യു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തിയേറ്ററില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി പലരും തുടരും സിനിമയെ കണക്കാക്കുന്നത്.

Content Highlight: Producer Ranjith about the actual budget of Thudarum movie