ആ സിനിമ ഒന്ന് മാറ്റി ചെയ്യാൻ കഴിഞ്ഞെങ്കില്ലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്: പ്രിയദർശൻ
Entertainment
ആ സിനിമ ഒന്ന് മാറ്റി ചെയ്യാൻ കഴിഞ്ഞെങ്കില്ലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th February 2025, 9:02 pm

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. താൻ ഇല്ലെങ്കിലും മോഹൻലാൽ എന്ന നടൻ ഉണ്ടാവുമെന്നും എന്നാൽ മോഹൻലാൽ ഉള്ളതുകൊണ്ടാണ് താനൊരു സംവിധായകനായി മാറിയതെന്നും പ്രിയദർശൻ പറയുന്നു.

മോഹൻലാലിൻറെ തമാശകളെല്ലാം അറിയുന്നതുകൊണ്ടാണ് ആദ്യകാലങ്ങളിൽ വില്ലൻ വേഷം ചെയ്ത മോഹൻലാലിന് താനൊരു കോമഡി കഥാപാത്രം നൽകിയതെന്നും എങ്ങനെ നീ മറക്കും എന്ന സിനിമയിലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ചെയ്ത സിനിമകളിൽ ഏതെങ്കിലുമൊന്ന് മാറ്റി ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് വന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാൽ വില്ലനായാണ് സിനിമയിൽ തുടങ്ങിയത്. പക്ഷേ, എനിക്ക് അന്നേ അറിയാം മോഹൻലാൽ നല്ല തമാശകൾ ആസ്വദിക്കുന്ന, എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഈയൊരു ക്യാരക്ടർ സിനിമയിൽ നന്നായി ഉപയോഗിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. ‘എങ്ങനെ നീ മറക്കും’ എന്ന സിനിമയ്ക്ക് ഞാൻ എഴുതിയ തിരക്കഥയിലാണ് ലാലിൻ്റെ ഇത്തരത്തിലുള്ള ഒരു മുഖം സിനിമയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.

അങ്ങനെ പോസിറ്റീവ് ക്യാരക്റ്ററായി, ഹീറോ ആയി. അതിനു മുമ്പുള്ള സിനിമകളിൽ എല്ലാം വില്ലനായിരുന്നു. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് ഞാനങ്ങനത്തെ സിനിമകൾ എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങിയത്. പ്രിയദർശൻ എന്ന സംവിധായക നില്ലെങ്കിലും മോഹൻലാൽ എന്ന നടനുണ്ടാവും. പക്ഷെ മോഹൻലാൽ എന്ന നടൻ ഉണ്ടായിരുന്നില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകൻ ഉണ്ടാവില്ലായിരുന്നു.

ഞങ്ങളുടെ സിനിമകളിൽ ഏതെങ്കിലും ഒരു സിനിമ എനിക്ക് മാറ്റി ചെയ്യണം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് വന്ദനമാണ്. ആ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകർക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. അത് ഒന്ന് മാറ്റിച്ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്,’പ്രിയദർശൻ പറയുന്നു.

 

Content Highlight: Priyadharshan About Climax Of Vandhanam Movie