ലാലിനെ വെച്ച് ഞാന്‍ ചെയ്തതിനേക്കാള്‍ എനിക്കിഷ്ടം മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴും പിന്നെ ആ ക്ലാസ്സിക് ചിത്രവും: പ്രിയദര്‍ശന്‍
Entertainment
ലാലിനെ വെച്ച് ഞാന്‍ ചെയ്തതിനേക്കാള്‍ എനിക്കിഷ്ടം മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴും പിന്നെ ആ ക്ലാസ്സിക് ചിത്രവും: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th March 2025, 9:23 am

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററില്‍ എത്തിയത്. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവും. പക്ഷേ മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ പ്രിയദര്‍ശനെന്ന സംവിധായകന്‍ ഉണ്ടാവില്ലായിരുന്നു – പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമെന്നും എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ പ്രിയദര്‍ശനെന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.

സംവിധായകര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍ എന്നും മോഹന്‍ലാലിനെ വെച്ച് താന്‍ ചെയ്തതിനേക്കാള്‍ തനിക്കിഷ്ടം മോഹന്‍ലാലിനെ വെച്ച് മറ്റ് സംവിധായകര്‍ ചെയ്ത മണിച്ചിത്രത്താഴും കിരീടവും ആണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ വില്ലനായാണ് സിനിമയില്‍ തുടങ്ങിയത്. പക്ഷേ എനിക്ക് അന്നേ അറിയാം മോഹന്‍ലാല്‍ നല്ല തമാശകള്‍ ആസ്വദിക്കുന്ന, എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന്. ഈയൊരു ക്യാരക്ടര്‍ സിനിമയില്‍ നന്നായി ഉപയോഗിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു.

‘എങ്ങനെ നീ മറക്കും’ എന്ന സിനിമക്ക് ഞാന്‍ എഴുതിയ തിരക്കഥയിലാണ് ലാലിന്റെ ഇത്തരത്തിലുള്ള ഒരു മുഖം സിനിമയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെ പോസിറ്റീവ് ക്യാരക്റ്ററായി, ഹീറോ ആയി. അതിന് മുമ്പുള്ള സിനിമകളില്‍ എല്ലാം വില്ലനായിരുന്നു. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് ഞാനങ്ങനത്തെ സിനിമകള്‍ എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങിയത്.

പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവും. പക്ഷേ മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ പ്രിയദര്‍ശനെന്ന സംവിധായകന്‍ ഉണ്ടാവില്ലായിരുന്നു.

ഡയറക്ടര്‍മാര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍

ഡയറക്ടര്‍മാര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെവെച്ച് ഞാന്‍ ചെയ്തതിനെക്കാള്‍ എനിക്കിഷ്ടം മോഹന്‍ലാലിനെ വെച്ച് മറ്റ് ഡയറക്ടര്‍മാര്‍ ചെയ്ത കിരീടവും മണിച്ചിത്രത്താഴും പോലുള്ള സിനിമകളാണ്.

എനിക്ക് കിട്ടിയ ഗുണം എന്നത് മോഹന്‍ലാലിന്റെ വേറൊരു മുഖം ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് പരിചയമുള്ളതുകൊണ്ട് ആ ഒരു മുഖത്തെ ഉപയോഗിച്ച് കുറേ ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ്. ബോയിങ് ബോയിങ്, പൂച്ചക്കൊരു മൂക്കുത്തി, കിലുക്കം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയവയെല്ലാം അത്തരം സിനിമകളാണ്,’ പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Priyadarshan talks about Mohanlal