ലാലേട്ടനും ആന്റണിയും അതൊരു തമാശയായി കാണുമെന്ന് ഞാന്‍ കരുതി; പക്ഷെ എല്ലാം മാറിമറഞ്ഞു: പൃഥ്വിരാജ്
Entertainment
ലാലേട്ടനും ആന്റണിയും അതൊരു തമാശയായി കാണുമെന്ന് ഞാന്‍ കരുതി; പക്ഷെ എല്ലാം മാറിമറഞ്ഞു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th March 2025, 2:06 pm

ലൂസിഫര്‍ ചെയ്യാന്‍ മുരളി ഗോപി തന്റെ പേര് നിര്‍ദേശിക്കുകയായിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അതൊരു തമാശയായി കാണുമെന്നാണ് താന്‍ ആദ്യം കരുതിയതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ മാറിമറഞ്ഞുവെന്നും ആന്റണി പെരുമ്പാറൂര്‍ നേരിട്ട് തങ്ങളുടെ അടുത്തെത്തി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചുതന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കല്‍ മുരളി എന്നോട് ലൂസിഫറിന്റെ കഥ പറഞ്ഞു. എനിക്കത് ഒരുപാട് ഇഷ്ടമായി. ആരാണ് ആ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ മുരളിയോട് ചോദിച്ചു. എന്റെ ആ ചോദ്യത്തിന് ‘എന്താ നീ ചെയ്യുന്നോ’ എന്നുള്ള മറുചോദ്യമായിരുന്നു മുരളി ചോദിച്ചത്.

മുരളിയുടെ ആ മറുചോദ്യത്തില്‍ നിന്നാണ് സത്യത്തില്‍ എല്ലാറ്റിന്റെയും തുടക്കം. ആ സമയത്ത് ആശീര്‍വാദുമായി വളരെ നേരത്തെ മുരളി ഗോപിക്ക് ഒരു എഗ്രിമെന്റുണ്ടായിരുന്നു. ലാലേട്ടനെ വെച്ച് രാജേഷ് പിള്ളയാണ് ആ സിനിമ സംവിധാനം ചെയ്യാനിരുന്നത്.

അതിലേക്ക് മുരളി എന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. അന്ന് ലാലേട്ടനും ആന്റണിയും അതൊരു തമാശയായി കാണുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ മാറിമറഞ്ഞു.

ആന്റണി നേരിട്ട് ഞങ്ങളുടെ അടുത്തെത്തി. ലാലേട്ടനെ ഫോണില്‍ വിളിച്ചുതന്നു. തൊട്ടടുത്ത ദിവസങ്ങളിലായി ലാലേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രോജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടു. അതോടെ ലൂസിഫറിനെ കുറിച്ച് ലോകം അറിഞ്ഞു. എനിക്കും കമ്മിറ്റ്‌മെന്റായി,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

ലൂസിഫര്‍:

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ലൂസിഫറിനുണ്ടായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ലൂസിഫറില്‍ ഒന്നിച്ചത്. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Content Highlight: Prithviraj Sukumaran Talks About Mohanlal And Antony Perumbavoor