സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. കഴിഞ്ഞദിവസം എമ്പുരാന്റെ ആദ്യ ഗ്ലിംപ്സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കൊച്ചിയില്‍ വെച്ച് നടന്ന ടീസര്‍ ലോഞ്ചില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും സീനിന്റെ സൈസ് കുറക്കണമെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ വഴിയാണ് തന്നെ സമീപിക്കാറുള്ളതെന്ന് പൃഥ്വിരാജ് പറയുന്നു.
ആ സീന്‍ എങ്ങനെ എടുക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ തന്നോട് ചോദിക്കുമെന്നും ആദ്യം തീരുമാനിച്ചതുപോലെയെന്ന പറഞ്ഞാല്‍ തനിക്ക് വേണ്ട രീതിയില്‍ ചെയ്തുകൊടുക്കാന്‍ ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ പറയുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു നടനോ താരമോ അല്ലാതെ ലൂസിഫറിലും എമ്പുരാനിലും തന്റെ ഡ്രൈവിങ് ഫോഴ്‌സ് ആയി നിന്നത് മോഹന്‍ലാല്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ലൂസിഫറില്‍ എന്തെങ്കിലും ഒരു സീക്വന്‍സ് എടുപ്പിക്കാതിരിക്കാനോ ഇല്ലെങ്കില്‍ അതിന്റെ സൈസ് കുറക്കാനോ ഒക്കെയുള്ള ചിന്ത ആന്റണി പെരുമ്പാവൂരിന് വരുമ്പോള്‍ ‘അണ്ണാ ലാല്‍ സാര്‍ വിളിക്കുണ്ട്, ഒന്നങ്ങോട്ട് ചെല്ലാമോ’ എന്ന് പറയും.
അപ്പോഴേ എനിക്ക് കാര്യം മനസിലാകും. ഞാന്‍ എന്നിട്ട് ലാലേട്ടന്റെ കാരവാനില്‍ പോകും. അപ്പോള്‍ ലാലേട്ടന്‍ ചോദിക്കും ‘മോനെ നമ്മുടെ ആ സീക്വന്‍സ് മോന്‍ എങ്ങനെയാണ് എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നത്? ആ സീക്വന്‍സിന്റെ ആവശ്യം ഉണ്ടോ’ എന്ന്. ആ സമയത്തെല്ലാം നിര്‍മാതാവ് ആന്റണി സൈഡില്‍ ഇരിക്കുന്നുണ്ടാകും.
ഉറപ്പായിട്ടും ആവശ്യം ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ലാലേട്ടന്‍ ഉടനെ ‘ആന്റണി അയാള്‍ക്ക് വേണ്ടത്, പറഞ്ഞതുപോലെ ചെയ്ത് കൊടുക്ക്’ എന്ന് പറയും. അങ്ങനെ എന്നോടൊപ്പം ഒരു നടന്‍ അല്ലെങ്കില്‍ താരമായിട്ട് മാത്രമല്ലാതെ എന്റെ ഒരു ഡ്രൈവിങ് ഫോഴ്സായിട്ട് എന്റെ കൂടെ ഈ രണ്ട് സിനിമകളിലും നിന്നത് ലാലേട്ടനാണ്,’ പൃഥ്വിരാജ് പറയുന്നു.