എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നതിന് പകരമായി എന്റെ എല്ലാ സിനിമയിലും ഞാന്‍ മാക്‌സിമം ഹാര്‍ഡ് വര്‍ക്ക് ഇടാം; ഖലീഫയ്ക്ക് പിന്നാലെ വൈറലായി പൃഥ്വിയുടെ വാക്കുകള്‍
Malayalam Cinema
എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നതിന് പകരമായി എന്റെ എല്ലാ സിനിമയിലും ഞാന്‍ മാക്‌സിമം ഹാര്‍ഡ് വര്‍ക്ക് ഇടാം; ഖലീഫയ്ക്ക് പിന്നാലെ വൈറലായി പൃഥ്വിയുടെ വാക്കുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 21st August 2026, 10:22 pm

ഏറെ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഖലീഫ. കോഴിക്കോട് കൊടുവള്ളി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലി എന്ന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് വേഷമിട്ടത്. മൂന്ന് വമ്പന്‍ ഫൈറ്റ് രംഗങ്ങളടക്കം വമ്പന്‍ സ്‌കെയിലില്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായിട്ടാണ് വൈശാഖ് ഖലീഫയെ ഒരുക്കിയിരിക്കുന്നത്.

ഖലീഫ. Photo: Sony Music Malayalam

മോഹന്‍ലാല്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും സര്‍പ്രൈസ് എന്‍ട്രിയായി എത്തിയ സൗബിന്‍ ഷാഹിറിന്റെയും ടൊവിനോയുടെയും സാന്നിധ്യം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മാമ്പറക്കല്‍ അഹമദ് അലിയായി എത്തിയ മോഹന്‍ലാലിന്റെ അനുയായികളായാണ് ഇരുവരും വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രത്തിലെ പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സിന് വലിയ കൈയടിയായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഖലീഫയില്‍ ആമിര്‍ അലിയുടെ രണ്ട് കാലഘട്ടത്തിലുള്ള ഗെറ്റപ്പും അതി ഗംഭീരമായിട്ടായിരുന്നു പൃഥ്വി കൈകാര്യം ചെയ്തത്.

കഥാപാത്രത്തിന്റെ ഇരുപതുകളിലെ ലുക്കിനായി താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനെയാണ് പലരും അഭിനന്ദിക്കുന്നത്. ചിത്രത്തില്‍ ഒരിടത്തും കണ്ടിരിക്കുന്നവരില്‍ ഒരു ആശങ്കയ്ക്ക് ഇടമില്ലാത്ത വിധത്തിലായിരുന്നു പൃഥ്വിയുടെ രൂപമാറ്റം. ലണ്ടനിലടക്കം ചിത്രീകരിച്ച ഖലീഫയിലെ വമ്പന്‍ ഫൈറ്റ് സീനുകളിലെ പൃഥ്വിയുടെ ഡെഡിക്കേഷനും ചര്‍ച്ചാ വിഷയമാണ്. ബോക്‌സിങ് പരിശീലിച്ചിരുന്ന ആമിര്‍ അലിയുടെ ചേഷ്ഠകള്‍ കൃത്യമായി പിന്തുടര്‍ന്ന് പ്രേക്ഷകരെ കണ്‍വിന്‍സിങ് ചെയ്ത് കൊണ്ടായിരുന്നു താരത്തിന്റെ ആക്ഷനുകളെല്ലാം.

ഖലീഫ. Photo: Prithviraj Sukumaran/ Facebook.com

അടുത്തിടെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും തന്റെ മാക്‌സിമം ഹാര്‍ഡ് വര്‍ക്ക് ഇടാമെന്നായിരുന്നു താരം പറഞ്ഞത്. ‘എന്നെ ഇങ്ങനെ സ്‌നേഹിച്ചിട്ട് അവര്‍ക്ക് ഒരു ഗുണവും ഇല്ലല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് എന്താണ് അവര്‍ക്ക് തിരിച്ച് കൊടുക്കാന്‍ പറ്റുക. എന്റെ എല്ലാം സിനിമയിലും ഹാര്‍ഡ് വര്‍ക്ക് ചെയ്യുക എന്നത് മാത്രമാണ് ചെയ്യാന്‍ പറ്റുന്നത്,’ ചടങ്ങില്‍ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj’s old speech goes viral after his new movie Khalifa release

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.