എമ്പുരാനിൽ കാണാൻ പോകുന്നത് ഇന്ത്യൻ സിനിമയ്ക്ക് അധികം കൺസീവ് ചെയ്യാൻ പറ്റാത്ത ഒന്നാണ്: പൃഥ്വിരാജ്
Entertainment
എമ്പുരാനിൽ കാണാൻ പോകുന്നത് ഇന്ത്യൻ സിനിമയ്ക്ക് അധികം കൺസീവ് ചെയ്യാൻ പറ്റാത്ത ഒന്നാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th January 2025, 10:09 am

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.

തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒടിയൻ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ രചനയിൽ പിറന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മാർച്ച് 27 ന് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തും. തന്റെ കരിയറിൽ ഒന്നര വർഷത്തോളം ഒരു സിനിമയുടെ ലൊക്കേഷന് വേണ്ടി നടന്നത് എമ്പുരാന് വേണ്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാൽ ലൂസിഫറിലെ പോലെ എറണാകുളവും തിരുവനന്തപുരവുമെല്ലാം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉൾപ്പെടുന്നുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘എമ്പുരാനിലും എറണാകുളവും തിരുവനന്തപുരവും വണ്ടിപെരിയാറുമൊക്കെയുണ്ട്. പക്ഷെ എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്. എന്റെ ഒരു ഫ്രാഞ്ചയിസിയുടെ രണ്ടാംഭാഗം എന്ന നിലയ്ക്ക് മറ്റൊരു ലോകം കൂടിയുണ്ട്. എപ്പോഴും നമ്മുടെ ഇന്ത്യൻ സിനിമകളിൽ അത്തരം കാര്യങ്ങൾ നമ്മൾ കൺസീവ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ നമുക്കതിന്റെ ഒരു റിയൽ സാധനത്തിലേക്ക് എത്താൻ കഴിയാറില്ല.

എന്നാൽ എമ്പുരാനിൽ അങ്ങനെയുള്ള കാര്യങ്ങൾ റിയൽ ലൊക്കേഷനിൽ ചെന്ന് റിയലായി ഷൂട്ട്‌ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ കരിയറിൽ ലൊക്കേഷൻ കണ്ട് പിടിക്കുന്ന കർത്തവ്യം ഒരു ഒന്നര വർഷകാലം നീണ്ടു നിന്നൊരു സിനിമ വേറേ ഉണ്ടായിട്ടില്ല,’പൃഥ്വിരാജ് പറയുന്നു.

 

Content Highlight: Prithviraj About Locations Of Empuran Movie