ഡിഗ്രി പാസായ സച്ചിനായി വേഷമിടുന്നത് 32 വയസുള്ള വീര്‍ പഹാരിയ, പ്രേമലു ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്ക് ട്രോള്‍
Malayalam Cinema
ഡിഗ്രി പാസായ സച്ചിനായി വേഷമിടുന്നത് 32 വയസുള്ള വീര്‍ പഹാരിയ, പ്രേമലു ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്ക് ട്രോള്‍
അമര്‍നാഥ് എം.
Monday, 23rd February 2026, 9:14 am

അടുത്തകാലത്ത് കേരളത്തിന് പുറത്ത് ചര്‍ച്ചയായ മലയാളസിനിമകളില്‍ ഒന്നാണ് പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോം കോം ചിത്രം കേരളത്തിലെന്ന പോലെ ആന്ധ്രയിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ബോക്‌സ് ഓഫീസില്‍ 130 കോടിയിലേറെ നേടിയാണ് പ്രേമലു കളംവിട്ടത്. ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഡ്രോപ്പ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ പ്രേമലു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ നദിയദ്‌വാലാ ഗ്രാന്‍ഡ്‌സണ്‍സ് എന്റര്‍ടൈന്മെന്റ്‌സാണ് ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കള്‍. മാര്‍ച്ച് ആദ്യവാരം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ പ്രധാന കാസ്റ്റ് പുറത്തുവിട്ടതോടെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വീര്‍ പഹാരിയയാണ് സച്ചിനായി വേഷമിടുന്നത്. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയമായി മാറിയ സ്‌കൈ ഫോഴ്‌സിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ നടനാണ് വീര്‍ പഹാരിയ. 32 വയസുള്ള വീര്‍ പ്രേമലുവിലെ ഡിഗ്രി പാസായ നായകനായി വന്നാല്‍ പ്രേക്ഷകര്‍ കൂവി ഓടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സച്ചിനായി വീര്‍ പഹാരിയയാണെങ്കില്‍ അമല്‍ ഡേവിസായി അര്‍ജുന്‍ കപൂര്‍ വരണമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

‘ആദിയുടെ ക്യാരക്ടര്‍ വരുണ്‍ ധവാനും അമല്‍ ഡേവിസിന്റെ വേഷം ഹിന്ദിയില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും ചെയ്താല്‍ പീക്ക് സിനിമാ എക്‌സ്പീരിയന്‍സാകും’, ‘റീമേക്ക്‌വുഡിനെക്കൊണ്ട് വലിയ ശല്യമായല്ലോ,’ ‘പ്രേമലുവിന്റെ നെറ്റ്ഫ്‌ളിക്‌സ് വേര്‍ഷന്‍’ എന്നിങ്ങനെയാണ് പരിഹാസ കമന്റുകള്‍.

പുതുമുഖം ആഫിയ സൈദാണ് ചിത്രത്തിലെ നായിക. നിര്‍മാതാവ് സജിദ് നദിയദ്‌വാലയുടെ അനന്തരവളാണ് ആഫിയ. നെപ്പോ കിഡ്ഡിനെ പരിചയപ്പെടുത്താനുള്ള ബോളിവുഡിന്റെ റീമേക്ക് പ്രൊജക്ടെന്നും പ്രേമലുവിന്റെ ഹിന്ദി റീമേക്കിനെ ചിലര്‍ പരിഹസിക്കുന്നുണ്ട്. ജാന്‍വി കപൂറിന്റെ സഹോദരി ഖുശി കപൂറിന്റെ ആദ്യ ചിത്രം ലവ് യാപ്പയുമായി പ്രേമലുവിന്റെ ഹിന്ദി റീമേക്കിനെ താരതമ്യം ചെയ്യുന്നവരും കുറവല്ല. തമിഴില്‍ സൂപ്പര്‍ഹിറ്റായ ലവ് ടുഡേയുടെ ഹിന്ദി റീമേക്കായിരുന്നു ലവ് യാപ്പ.

നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഗിരീഷ് എ.ഡി പ്രേമലു അണിയിച്ചൊരുക്കിയത്. ഹൈദരബാദിന്റെ പശ്ചാത്തലത്തില്‍ കോമഡിയും റൊമാന്‍സും ഒരുപോലെ മിക്‌സ് ചെയ്ത് പറഞ്ഞ കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വാര്‍ത്ത പലരിലും അസ്വസ്ഥതയുണ്ടാക്കുകയാണ്.

Content Highlight: Premalu Hindi remake news getting trolls from Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം