വലിച്ചുകീറിയത് ഇനി കാത്തുസൂക്ഷിക്കപ്പെടും; വാലിബൻ ഒ. ടി. ടിയിൽ എത്തിയതിന് പിന്നാലെ പ്രശാന്ത് പിള്ള
Entertainment
വലിച്ചുകീറിയത് ഇനി കാത്തുസൂക്ഷിക്കപ്പെടും; വാലിബൻ ഒ. ടി. ടിയിൽ എത്തിയതിന് പിന്നാലെ പ്രശാന്ത് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 1:27 pm

മലയാളത്തിൽ ഇറങ്ങിയ വമ്പൻ ഹൈപ്പ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്.

ലിജോയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു സിനിമ കാണാൻ പ്രേക്ഷകർ കാത്തിരുന്നതിന്റെ പ്രധാന കാരണം. എന്നാൽ മോഹൻലാലിന്റെ മുമ്പത്തെ ചിത്രങ്ങൾ പോലെ വലിയ ഹൈപ്പ് തന്നെയായിരുന്നു വാലിബനെയും നെഗറ്റീവായി ബാധിച്ചത്.

ടെക്നിക്കലി ഏറെ മികച്ചു നിന്ന ചിത്രമായിരുന്നു വാലിബൻ. ആദ്യദിനങ്ങൾ തന്നെ വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകൾ ചിത്രത്തിനെതിരെ ഉയർന്നു വന്നപ്പോൾ സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിനുകൾ നടക്കുന്നുവെന്ന ആരോപണവുമായി സംവിധായകൻ തന്നെ രംഗത്ത് എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് മികച്ച അഭിപ്രായം വന്നെങ്കിലും ബോക്സ്‌ ഓഫീസിൽ പരാജയമറിയാനായിരുന്നു വാലിബന്റെ വിധി.

കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിൽ എത്തിയിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനോടനുബന്ധിച്ച് വാലിബന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ള തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

‘ഒരിക്കൽ തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു. എന്നാൽ ഇനി അത് കാത്തുസൂക്ഷിക്കപ്പെടും. സംരക്ഷിക്കപ്പെടും,’ എന്നായിരുന്നു പ്രശാന്ത് തന്റെ എക്‌സിലൂടെ കുറിച്ചത്.

ഒ.ടി.ടിയിൽ എത്തിയതിന് പിന്നാലെ വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ് വാലിബൻ. രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചുകൊണ്ടാണ് വാലിബൻ അവസാനിക്കുന്നത്. മോഹൻലാലിന് പുറമേ ഹരീഷ് പേരടി, ഡാനിഷ് സേട്ട്, സൊണാലി കുൽക്കർണി, കഥാ നന്ദി, മനോജ്‌ മോസസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് നടക്കുകയാണ്.

Content Highlight: Prashanth Pillai Talk About Valiban After OTT Release