ഷൂട്ട് തീര്‍ക്കാന്‍ വെറും രണ്ട് മാസം, പോസ്റ്ററിന് വേണ്ടി മാത്രം എടുത്തത് മൂന്ന് മാസം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഡയസ് ഈറേ
Entertainment
ഷൂട്ട് തീര്‍ക്കാന്‍ വെറും രണ്ട് മാസം, പോസ്റ്ററിന് വേണ്ടി മാത്രം എടുത്തത് മൂന്ന് മാസം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഡയസ് ഈറേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 8:16 pm

ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡയസ് ഈറേ. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭ്രമയുഗത്തിന്റെ അതേ ക്രൂ തന്നെയാണ് ഡയസ് ഈറേയിലും ഒന്നിക്കുന്നത്.

ടൈറ്റില്‍ പോസ്റ്ററിന് പിന്നാലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇന്റര്‍നാഷണല്‍ ക്വാളിറ്റിയോടെ പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനോടകം പല പേജുകളിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ജോര്‍ജിയന്‍ ഓയില്‍ പെയിന്റ് ആര്‍ട്ട് സ്‌റ്റൈലിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

മലായളത്തിലെ മികച്ച പോസ്റ്റര്‍ ഡിസൈനിങ് ടീമായ ഏസ്‌തെറ്റിക് കുഞ്ഞമ്മയാണ് ഡയസ് ഈറേയുടെ പോസ്റ്ററിന് പിന്നില്‍. മൂന്ന് മാസത്തോളം സമയമെടുത്താണ് പോസ്റ്റര്‍ പൂര്‍ത്തിയാക്കിയതെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ വെറും രണ്ട് മാസം മാത്രമാണ് വേണ്ടിവന്നത്. ഇതാണ് പലരെയും അത്ഭുതപ്പെടുത്തിയത്.

വ്യത്യസ്തമായ ഴോണറുകളിലൂടെ മലയാളസിനിമയുടെ നിലവാരമുയര്‍ത്തുന്ന രാഹുല്‍ സദാശിവന്‍ ഡയസ് ഈറേയെയും വ്യത്യസ്തമായി തന്നെയാണ് സമീപിച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ ഈയൊരു പോസ്റ്റര്‍ തന്നെ ധാരാളമാണ്. പോസ്റ്ററില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ പ്രണവ് മോഹന്‍ലാലിനെ കാണാന്‍ സാധിക്കും. ഇത്തരത്തിലൊരു പോസ്റ്റര്‍ മലയാളത്തില്‍ ആദ്യമായിട്ടാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വടകര, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയത്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഡയസ് ഈറേയെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്ന പ്രണവിന്റെ മികച്ച ചിത്രമാകും ഡയസ് ഈറേയെന്നാണ് കരുതുന്നത്.

നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗത്തിലെ മന സെറ്റിട്ട് വിസ്മയിപ്പിച്ച ജ്യോതിഷ് ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഷഫീക് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിക്കുമ്പോള്‍ ഭ്രമയുഗത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകള്‍ ഒരുക്കിയ ഷഹ്നാദ് ജലാല്‍ ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pranav Mohanlal’s Dies Irae movie poster discussing in social media