'ചേട്ടാ, സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സി.ഐ ജോര്‍ജാണ് പുതിയ താരം' എന്നാണ് ഫഹദ് പറഞ്ഞത്: പ്രകാശ് വര്‍മ
Entertainment
'ചേട്ടാ, സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സി.ഐ ജോര്‍ജാണ് പുതിയ താരം' എന്നാണ് ഫഹദ് പറഞ്ഞത്: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 2:38 pm

തിയേറ്ററില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.

തുടരും എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. തുടരും കണ്ടതിന് ശേഷം സുഹൃത്തായ ഫഹദ് ഫാസില്‍ പറഞ്ഞത്, ‘ചേട്ടാ, സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സി.ഐ ജോര്‍ജാണ് പുതിയ താരം’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.

‘തുടരും എന്ന സിനിമയുടെ രചയിതാവായ കെ.ആര്‍. സുനില്‍ എന്റെ അടുത്ത സുഹൃത്താണ്. എത്രയോ വര്‍ഷം മുമ്പ് ഈ കഥയുടെ ആദ്യ ആശയം സുനില്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ലാലേട്ടനോ തരുണ്‍ മൂര്‍ത്തിയോ ശോഭനയോ ഒന്നും ഇതിലില്ല. രണ്ടുവര്‍ഷം മുമ്പ് ഒരു വര്‍ക്കുമായി ബന്ധപ്പെട്ട് ഞാന്‍ കൊച്ചിയിലുള്ള ദിവസം സുനില്‍ എന്നെ കാണാന്‍ വന്നു. ‘തുടരും’ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയമായിരുന്നു അത്.

സംസാരിക്കുന്നതിനിടയില്‍ സുനില്‍ ഞാനറിയാതെ എന്റെ കുറച്ച് ഫോട്ടോ എടുത്തു. പിന്നീട് ആ ഫോട്ടോസ് തരുണിന് കാണിച്ചുകൊടുത്തു.

‘അഭിനയിക്കാന്‍ താത്പര്യമുണ്ടോ’ എന്ന ചോദ്യത്തോടെയാണ് സുനില്‍ പിന്നെ എന്നെ വിളിക്കുന്നത്. ‘നമ്മള്‍ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുമ്പോഴാണല്ലോ പറ്റുമോ ഇല്ലയോ എന്നറിയുക, അതിനാല്‍ ശ്രമിച്ചുനോക്കാം’ എന്നാണ് ഞാന്‍ പറഞ്ഞത്.

ദിവസങ്ങള്‍ക്കുശേഷം ബെംഗളൂരുവിലെ എന്റെ ഓഫീസില്‍ വന്നാണ് അവര്‍ കഥ പറഞ്ഞത്. ഞാനും ഭാര്യ സ്‌നേഹയും ഒരുമിച്ചിരുന്ന് കേട്ടു. ജീവിതത്തില്‍ ഞാന്‍ കേട്ട ഏറ്റവും മികച്ച നരേഷനായിരുന്നു തരുണിന്റെത്. തന്റെ സിനിമയെയും കഥാപാത്രത്തെയും കുറിച്ച് കൃത്യമായ ക്ലാരിറ്റിയുള്ള തരുണിനെപ്പോലൊരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യുക രസകരമായിരിക്കുമെന്ന് തോന്നി.

പുതുമുഖമായ എന്നെ കാസ്റ്റ് ചെയ്തത് നാളെ ഒരബദ്ധമായി തോന്നരുതെന്നും അതിനാല്‍ ഇപ്പോള്‍തന്നെ ഫോണില്‍ എന്നെക്കൊണ്ട് അഭിനയിപ്പിച്ച് രണ്ട് സീന്‍ ഷൂട്ട് ചെയ്യണമെന്നും ഞാന്‍ നിര്‍ദേശിച്ചു. സീനുകള്‍ ലാലേട്ടന് അയച്ചുകൊടുത്ത് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കിട്ടിയശേഷം തീരുമാനമെടുക്കാം എന്ന് ഞാന്‍ പറഞ്ഞു.

തരുണ്‍ അപ്പോള്‍തന്നെ രണ്ടുസീന്‍ ഷൂട്ട് ചെയ്തത് ലാലേട്ടന് അയച്ചുകൊടുത്തു. ‘നമുക്ക് പ്രകാശ് മതി’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതോടെ ആത്മവിശ്വാസമായി. പടം കണ്ടുകഴിഞ്ഞപ്പോള്‍ സുഹൃത്തായ ഫഹദ് ഫാസില്‍ പറഞ്ഞത്, ‘ചേട്ടാ, സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സി.ഐ ജോര്‍ജാണ് പുതിയ താരം’ എന്നാണ്,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma Talks About Thudarum Movie And Fahad Faasil