തുടരും; കഥ കേട്ടതിന് ശേഷം എന്ത് ചെയ്യണമെന്ന് എന്റെ പങ്കാളിയോട് ചോദിച്ചു; കുറ്റബോധം തോന്നരുതെന്ന് അവള്‍ പറഞ്ഞു: പ്രകാശ് വര്‍മ
Entertainment
തുടരും; കഥ കേട്ടതിന് ശേഷം എന്ത് ചെയ്യണമെന്ന് എന്റെ പങ്കാളിയോട് ചോദിച്ചു; കുറ്റബോധം തോന്നരുതെന്ന് അവള്‍ പറഞ്ഞു: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 1:25 pm

തിയേറ്ററില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.

തുടരും എന്ന സിനിമയുടെ കഥ കേട്ടതിന് ശേഷം എന്ത് ചെയ്യണമെന്ന് തന്റെ പങ്കാളി സ്‌നേഹയോട് ചോദിച്ചുവെന്ന് പ്രകാശ് വര്‍മ പറയുന്നു. തങ്ങള്‍ തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടെന്നും തരുണ്‍ മൂര്‍ത്തി കഥ പറയുമ്പോള്‍ സ്‌നേഹയും ഉണ്ടായിരുന്നുവെന്നും പ്രകാശ് വര്‍മ പറഞ്ഞു.

തനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നുവെന്നും സ്‌നേഹയോട് ചോദിച്ചപ്പോള്‍ ‘ഇത് നിന്റെ തീരുമാനമാണ്. മനോഹരമായ കഥയും അതി മനോഹരമായ ഫിലിം മേക്കറും ആണ്. നീയാണ് തീരുമാനം എടുക്കേണ്ടത്. അവസാനം കുറ്റബോധം തോന്നരുത്’ എന്ന് പറഞ്ഞെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പങ്കാളി, ഫ്രണ്ട് എന്ന നിലയില്‍ സ്‌നേഹ എന്നും എനിക്ക് വളരെ സപ്പോര്‍ട്ടാണ്. ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. ഏതുകാര്യത്തിലും അങ്ങനെയാണ്. ഈ സിനിമയുടെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. എല്ലാവരും ചെയ്യാം എന്ന് പറഞ്ഞാലും ഞാന്‍ എന്ന വ്യക്തി ഓക്കെ പറയണമല്ലോ.

ആ സമയത്തൊക്കെ എനിക്ക് കൂട്ട് സ്‌നേഹയാണ്. തരുണ്‍ ഈ കഥ പറയുന്ന സമയത്ത് സ്‌നേഹയുമുണ്ട്. എന്തൊരു നരേഷന്‍ ആണെന്ന് തോന്നിപോയി. മൂന്ന് മണിക്കൂര്‍ ഒരു ചായ കുടിക്കാന്‍ പോലും പോകാതെ ഒറ്റ സ്‌ട്രെച്ചില്‍ കേട്ട കഥയായിരുന്നു അത്. അങ്ങനെ കേട്ടിട്ട് ഞാന്‍ സ്നേഹയെയും കൂട്ടി അടുത്തുള്ള ഒരു മുറിയിലേക്ക് പോയി. എന്നിട്ടാണ് ഞാന്‍ ശ്വാസം വിടുന്നത്. എന്നിട്ട് ഞാന്‍ എന്ത് ചെയ്യണമെന്ന് അവളോട് ചോദിച്ചു.

സ്‌നേഹ പറഞ്ഞത് ‘ഇത് നിന്റെ തീരുമാനമാണ്. മനോഹരമായ കഥയും അതി മനോഹരമായ ഫിലിം മേക്കറും ആണ്. നീയാണ് തീരുമാനം എടുക്കേണ്ടത്. നമ്മള്‍ കമ്മിറ്റ് ചെയ്ത ഒരുപാട് പ്രൊജക്ടുകള്‍ നമുക്കുണ്ട്. നീ ഇതുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതെല്ലാം നമുക്ക് മാനേജ് ചെയ്യാം. എല്ലാം എക്‌സ്പീരിയന്‍സാണ്. ഞാന്‍ നിന്നെ പുഷ് ചെയ്യില്ല. അവസാനം കുറ്റബോധം തോന്നരുത്’ എന്നും പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു നിമിഷം ആലോചിച്ച് യെസ് പറഞ്ഞു,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma Talks About Thudarum Movie