സിനിമയില്‍ ആ ഷോട്ട് എടുത്തതോടെ ഞാന്‍ ഏതാണ്ട് സെറ്റായി: പ്രകാശ് വര്‍മ
Entertainment
സിനിമയില്‍ ആ ഷോട്ട് എടുത്തതോടെ ഞാന്‍ ഏതാണ്ട് സെറ്റായി: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 10:13 am

 

തുടരും സിനിമ കണ്ട ആരും തന്നെ സി.ഐ ജോര്‍ജ് സാറിനെ മറന്നിട്ടുണ്ടാകില്ല. സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തെ വിറപ്പിച്ച വില്ലന്‍ കഥാപാത്രമാണ് സി.ഐ ജോര്‍ജ് എന്ന പ്രകാശ് വര്‍മ. ഒറ്റ സിനിമ കൊണ്ട് തന്നെ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് നിര്‍ണായകമായൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് അദ്ദേഹം.

ഇപ്പോള്‍ സിനിമയിലെ ആദ്യത്തെ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. മോഹന്‍ലാലിന്റയോ ശോഭനയുടെ കൂടെയോ തനിക്ക് ആദ്യമെ കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തരരുതെന്ന് തരുണ്‍ മൂര്‍ത്തിയുടെ അടുത്ത് പറഞ്ഞിരുന്നുവെന്നും അവരെല്ലാം സിനിമയിലെ ഇതിഹാസങ്ങളാണെന്നും തനിക്ക് തന്നെ മനസിലാക്കാന്‍ കുറച്ച് സമയം വേണമായിരുന്നുവെന്നും പ്രകാശ് വര്‍മ പറയുന്നു.

താന്‍ കണ്ണാടിയില്‍ നോക്കുന്ന സീനും, വാര്‍ത്ത കണ്ടുകൊണ്ട് തന്റെ ഷര്‍ട്ട് തുന്നുന്ന ഒരു ഷോട്ടുമാണ് ആദ്യം എടുത്തതെന്നും എന്നാല്‍ തരുണ്‍ മൂര്‍ത്തി അതേ ദിവസം തന്നെ കൊണ്ട് ഒരു ഹെവി സീന്‍ എടുപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.

‘ഞാന്‍ തരുണിന്റെ അടുത്ത് എടുത്തു പറഞ്ഞിരുന്നു, ആദ്യത്തെ സീനൊന്നും കോമ്പിനേഷന്‍ സീനുകള്‍ ഇടരുതെന്ന്. ലാലേട്ടന്റെ കൂടെയോ, ശോഭനയുടെ കൂടെയോ, അല്ലെങ്കില്‍ മണിയന്‍പിള്ള രാജുവിന്റെ കൂടെയോ തന്നെ ആദ്യത്തെ സീനൊന്നും എടുക്കരുതെന്ന് പറഞ്ഞിരുന്നു. കാരണം അവര്‍ വളരെ ലെജന്‍ഡറി ആയിട്ടുള്ള ആക്ടേഴ്‌സാണ്. അവിടെ എനിക്ക് എന്നെ തന്നെ മനസിലാക്കാന്‍ കുറച്ച് സമയം എടുക്കും.

എന്റെ വീട്ടില്‍ ഞാന്‍ വാര്‍ത്ത കണ്ടുകൊണ്ട്, ഷര്‍ട്ട് തുന്നുന്ന ഒരു ഷോട്ടും, അതുപോലെ ഞാന്‍ സ്വന്തമായി കണ്ണാടിയില്‍ നോക്കുന്ന രണ്ട് സീനുണ്ട്, അതില്‍ ഞാന്‍ മാത്രമേ ഉള്ളൂ. അതാണ് ആദ്യം എടുത്തത്. പക്ഷേ അന്ന് രാത്രി തന്നെ തരുണ്‍ എനിക്കൊരു വലിയ ഹെവി സീന്‍ തന്നു. മഴയത്ത് അവരുടെ വീട്ടില്‍ പോയി മരണവാര്‍ത്ത അറിയിക്കുന്നു. രാജു ചേട്ടനെ വിളിച്ച് മാറ്റിനിര്‍ത്തുന്ന ആ വലിയ സീന്‍. പക്ഷേ അത് ഒരു കണക്കിന് നന്നായി. കാരണം ആ ഒരു സീന്‍ എടുത്തതോടെ ഞാന്‍ സെറ്റായി,’ പ്രകാശ് വര്‍മ പറയുന്നു.

Content highlight: Prakash Varma talks about the first shot in Thudarum movie