ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.
ആ ഒരൊറ്റ വേഷത്തിലൂടെത്തന്നെ മലയാളക്കരയാകെ ആരാധകരെ സ്വന്തമാക്കാന്‍ പ്രകാശ് വര്‍മക്കായി. ഇപ്പോള്‍ സംവിധായകന്‍ ഫാസിലിനെ കണ്ട സന്തോഷം പങ്കുവെക്കുകയാണ് പ്രകാശ് വര്‍മ. ഫാസിലെയും കുടുംബത്തെയും തന്റെ പങ്കാളിയോടൊപ്പം ചെന്നുകണ്ടതിന്റെ ഫോട്ടോ അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.
‘സ്വപ്നമോ യാഥാര്‍ഥ്യമോ? ഫാസില്‍ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനും സന്തോഷവാനുമാണ്. മികച്ച സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വീണ്ടും ഓര്‍മിപ്പിച്ചു.
നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചു കൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത. അദ്ദേഹവുമായുള്ള ഈ സംഭാഷണം എന്നും മനസിലും ഓര്‍മയിലും എക്കാലവുമുണ്ടാകും,’ പ്രകാശ് വര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.