തുടരും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീനിനെ കുറിച്ചും സ്‌ക്രിപ്റ്റില്‍ ഇല്ലാതെ പറഞ്ഞ ഒരു ഡയലോഗിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പ്രകാശ് വര്‍മ.
ബെന്‍സ് ആദ്യമായി സി.ഐ ജോര്‍ജിനെ കാണുന്ന പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചും പിന്നീട് ഓര്‍ക്കുമ്പോള്‍ മനസിലാകുന്ന ആ സീനിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെയാണ് പ്രകാശ് വര്‍മ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
ബെന്‍സിനെ ആദ്യമായി കാണുമ്പോള്‍ ഗുണ്ടയാണോ ഇടിക്കുമോ എന്നൊന്നും ചോദിക്കുന്നത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും തരുണ്‍ പെട്ടെന്ന് അത് പറയാന്‍ ആവശ്യപ്പെട്ടതാണെന്നും ഇത് ലാലേട്ടന് അറിയില്ലായിരുന്നെന്നും പ്രകാശ് വര്‍മ പറയുന്നു.
‘ലാലേട്ടനുമായുള്ള ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ തന്നെയാണ് ആദ്യം ഷൂട്ട് ചെയ്തത്. വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വന്ന് കസേരയില്‍ ഇരിക്കുന്ന സീന്‍. അതില്‍ തന്നെ ഒരു പ്ലേ ഉണ്ട്. ഗുണ്ടയാണോ ഇടിക്കുമോ എന്നൊന്നും ലാലേട്ടനോട് ചോദിക്കുന്നത് സ്‌ക്രിപ്റ്റില്‍ ഇല്ല.
റിഹേഴ്‌സ് ചെയ്യണ്ട, നമുക്ക് ടേക്ക് പോകാമെന്ന് തരുണ്‍ പറഞ്ഞു. ഗുണ്ടയാണോ എന്ന് ഞാന്‍ ചോദിക്കുന്ന കാര്യം ലാലേട്ടന് അറിയില്ല. ഞാനത് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു സ്പാര്‍ക്ക് ഉണ്ട്.
അത് ഭയങ്കര ബ്യൂട്ടിഫുളാണ്. ആദ്യമായിട്ട് കേള്‍ക്കുകയാണെങ്കിലും ആ ക്യാരക്ടര്‍ ആയി ഒരു സെക്കന്റില്‍ തരുന്ന റിയാക്ഷനുണ്ട്. അത് മോഹന്‍ലാലിന്റെ റിയാക്ഷനല്ല. ഷണ്മുഖത്തിന്റെ റിയാക്ഷനാണ്. അത് അത്ര അടുത്ത് ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്യുകയാണ്. അതിന് ശേഷം ഞാന്‍ ഇടിക്കുമോ എന്ന് ചോദിക്കുന്നുണ്ട്.
കട്ട് പറഞ്ഞ് കഴിഞ്ഞതും ലാലേട്ടന്‍ തരുണിനെ നോക്കിയിട്ട് സാര്‍, എന്നെ ഗുണ്ടാന്ന് വിളിച്ചു എന്ന് പറഞ്ഞു (ചിരി). അത്രയും ലൈറ്റ് ആയിട്ടാണ് അദ്ദേഹം എടുക്കുന്നത്. ഇഷ്ടപ്പെട്ടതുകൊണ്ട് ലൈറ്റായി പറയുന്നതാണ്.
പിന്നെ ആ സീനിന് വളരെ വലിയൊരു പ്രാധാന്യം ഉണ്ട്. നരേഷന്‍ മുഴുവന്‍ കേട്ടപ്പോള്‍ സ്‌റ്റോറി അവസാനത്തില്‍ എത്തുമ്പോള്‍ അതിന് വലിയ പ്രാധാന്യം ഉണ്ടെന്ന് മനസിലായി. പിന്നീട് ഓര്‍ക്കുമ്പോഴാണ് പല കാര്യങ്ങളും മനസിലാകുക.
ആ സമയത്ത് എന്റെ എന്‍ട്രി ഷോട്ട് ആണെങ്കിലും ഞാന്‍ ഏറ്റവും ബ്യൂട്ടിഫുളായി എന്നെ തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കാതെ നിന്നു. കാരണം ആ സീനിനുള്ളില്‍ ഒരു കോംപ്ലക്‌സ്ഡ് സിറ്റുവേഷന്‍ ഉണ്ട്.
ഒരു പ്രത്യേക സാഹചര്യം കഴിഞ്ഞിട്ടാണ് ഞാന്‍ ആ സീനിലേക്ക് കയറുന്നത്. അത് നമുക്ക് പിന്നീടാണ് മനസിലാകുക. ആദ്യം കാണുമ്പോള്‍ എന്തോ അസ്വസ്ഥനായി ഇരിക്കുന്ന, അണ്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു ആക്ടര്‍ എന്ന് തോന്നാം.
വേണമെങ്കില്‍ എനിക്ക് എല്ലാവരേയും മറച്ച് ഒരു ടേക്ക് പോകാം, ഞാന്‍ ഏറ്റവും റിലാക്‌സ്ഡ് ആയിട്ടുള്ള ബെസ്റ്റ് ആക്ടര്‍ എന്ന നിലയില്‍. പക്ഷേ അത് പറ്റില്ല. അവിടെ ഒരു അണ്‍കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളായി തോന്നണം. അതൊരു തിന്‍ ലൈന്‍ ആണ്.
ആ സമയത്ത് കറക്ട് ഇന്‍സ്ട്രക്ഷന്‍ തരുന്നുണ്ട്. എനിക്ക് തന്ന നരേഷനില്‍ ഈ ക്യാരക്ടറിന്റെ ആര്‍ക്കും ഈ സിനിമയും വളരെ ക്ലിയര്‍ ആയിട്ട് എന്റെ തലയില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്,’ പ്രകാശ് വര്‍മ പറഞ്ഞു.
Content Highlight: Prakash Varma about an Important scene on thudarum and the backstory