മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരില്‍ ഒരാളാണ് പ്രഭു ദേവ. അഭിനേതാവ് എന്നതിന് പുറമെ നൃത്തസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, സിനിമാ നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും പ്രഭുദേവ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ ഉറുമി എന്ന സന്തോഷ് ശിവന്‍ – പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.
ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് എത്തുന്ന കത്തനാര്‍ എന്ന മലയാള സിനിമയിലും പ്രഭു ദേവ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജയസൂര്യയാണ് ഈ സിനിമയില്‍ നായകനാകുന്നത്.
താന്‍ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് പറയുകയാണ് പ്രഭുദേവ. തനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും പ്രഭുദേവ പറയുന്നു. തന്റെ കഴിവുവെച്ച് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിയുമോ എന്നറിയില്ലെന്നും എന്നാല്‍ അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് മോഹന്‍ലാല്‍ സാറിനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. മലയാളത്തില്‍ ഒരു പടം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ സാര്‍ ആയിരിക്കും നടന്‍.
എന്റെ കഴിവുവെച്ച് മോഹന്‍ലാല്‍ സാറിന്റെ ഒരു പടം എടുക്കാന്‍ ആവുമോ എന്ന് എനിക്ക് അറിയില്ല. എന്നാലും എന്റെയൊരു ആഗ്രഹമാണത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പിന്നെ നല്ല കഥയൊക്കെ വേണമല്ലോ,’ പ്രഭുദേവ പറയുന്നു.