പ്രഭാസിന്റെ ഓരോ തമാശ; സെറ്റിലേക്ക് വേറെ സംസ്ഥാനത്ത് നിന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്ത് താരം
Indian Cinema
പ്രഭാസിന്റെ ഓരോ തമാശ; സെറ്റിലേക്ക് വേറെ സംസ്ഥാനത്ത് നിന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്ത് താരം
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 21st February 2026, 8:20 am

2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും 2015 ല്‍ പുറത്തിറങ്ങിയ രാജമൗലി ചിത്രം ബാഹുബലിയിലൂടെ തലവര തെളിയുകയും ചെയ്ത താരമാണ് ഉപ്പലപട്ടി വെങ്കിട്ട സൂര്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസ്. രണ്ട് ഭാഗങ്ങളിലായിറങ്ങിയ ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറിയ പ്രഭാസ് ശതകോടികളാണ് ഓരോ ചിത്രങ്ങള്‍ക്കായും ഈടാക്കുന്നത്.

രാജാ സാബ്. Photo: Book My show

എന്നാല്‍ ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കല്‍ക്കി 2898 എ.ഡിയും സലാറും ഒഴികെ മറ്റെല്ലാം നിലം തൊടാതെ പൊട്ടിയപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പ്രഭാസ് പാത്രമായിരുന്നു. മാരുതിയുടെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ രാജാ സാബ് വരെ എത്തി നില്‍ക്കുകയാണ് താരത്തിന്റെ ഈ ലിസ്റ്റ്. ഇപ്പോഴിതാ ഓംറൗട്ട് സംവിധാനം ചെയ്ത് പ്രഭാസിന്റെ കരിയറില്‍ ദുരന്ത ചിത്രമായി മാറിയ ആദിപുരുഷിന്റെ സെറ്റില്‍ വെച്ച് വേറെ ഒരു സംസ്ഥാനത്ത് നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അനുഭവത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘എന്റെ ഭക്ഷണത്തോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഒരു തവണ ഞാന്‍ സെറ്റിലേക്ക് മറ്റൊരു സംസ്ഥാനത്ത് നിന്ന് വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ആദിപുരുഷിന്റെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. അന്ന് ഒരു ‘ചീറ്റ് മീല്‍ ഡേ’ ആയിരുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ എല്ലാവരും അല്പം മൂഡ് ഓഫ് ആയിട്ടായിരുന്നു ഇരുന്നത്.

അങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്ന് വെച്ച് എല്ലാവര്‍ക്കും ചെന്നൈ ഓതന്റിക് ഫുഡ് നല്‍കാമെന്ന് പറഞ്ഞു. എല്ലാവരും എക്‌സൈറ്റഡ് ആയി കാത്തിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞു പതിനൊന്ന് മണി കഴിഞ്ഞു ഭക്ഷണമെത്തിയില്ല. ഇന്ന് രാത്രി മറ്റൊന്നും കഴിക്കരുതെന്നും ചെന്നൈ ഫുഡ് മാത്രമേ കഴിക്കാവൂള്ളൂവെന്നും ഞാനവരോട് പറഞ്ഞിരുന്നു. ഒരു രണ്ടു മൂന്ന് മണിക്കൂറെല്ലാം കഴിഞ്ഞപ്പോള്‍ ആരോ എന്നോട് ചോദിച്ചു എവിടെ നിന്നാണ് ഭക്ഷണം വരുന്നതെന്ന് ഞാന്‍ പറഞ്ഞു ചെന്നൈയില്‍ നിന്നുമാണെന്ന്,’ പ്രഭാസ് പറയുന്നു.

സലാറില്‍ പ്രഭാസ്‌. Photo: ANMOL JAMWAL

തന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടിയെന്നും മുംബൈയിലുള്ള ഏതോ ചെന്നൈ സ്‌റ്റൈല്‍ റെസ്‌റ്റോറന്റില്‍ നിന്നാവും വരുന്നതെന്നാണ് അവരെല്ലാം കരുതിയതെന്നും താരം പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെന്നൈയില്‍ നിന്നും തന്നെയായിരുന്നു ഭക്ഷണം വരുത്തിച്ചതെന്നും ചൂടാറാത്ത പാത്രങ്ങളില്‍ പാക്ക് ചെയ്ത് ഫ്‌ളൈറ്റ് വഴിയാണ് മുംബൈയിലേക്ക് എത്തിച്ചതെന്നും പ്രഭാസ് പറയുന്നു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഒറിജിനിലായ ഒതന്റിക് ഫ്‌ളേവേഴ്‌സ് ആണ് തനിക്ക് ഇഷ്ടമെന്നും അന്ന് അത്രയും നേരത്തെ കാത്തിരിപ്പിനു ശേഷം ഭക്ഷണം എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prabhas talks about when he ordered food from Chennai to Mumbai

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.