തമിഴ് സിനിമയുടെ ഐക്കണുകളായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് ഉണ്ടാക്കിയ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. സൂപ്പര്‍സ്റ്റാര്‍, ഉലകനായകന്‍ എന്നീ ടൈറ്റിലുകളില്‍ രജിനിയെയും കമലിനെയും പ്രസന്റ് ചെയ്ത ഗ്ലിംപ്‌സ് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
തമിഴിന് പുറത്തും രജിനി കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സ് ചര്‍ച്ചയാവുകയാണ്. സ്വന്തം ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഇതുപോലൊരു പ്രൊജക്ട് വേണമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മോളിവുഡിന്റെ നെടുംതൂണുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഈ രീതിയില്‍ പ്രസന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്.
13 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റ് റിലീസിനൊരുങ്ങുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ അധികം ഹൈപ്പില്ല. ഇപ്പോഴിതാ, പേട്രിയറ്റിന് പകരം രജിനി- കമല്‍ റീയൂണിയന്‍ പോലൊരു ഐറ്റമാണ് ആരാധകര്‍ക്ക് ആവശ്യമെന്ന് പറയുന്ന പോസ്റ്റുകള്‍ വൈറലായി.
ഇരുവരും ചേര്‍ന്ന് അനശ്വരമാക്കിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രം പോലെ ഒരു ഐറ്റം വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. രജിനി- കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സിലെ ബി.ജി.എമ്മും ഹരികൃഷ്ണന്‍സിലെ സീനുകളും മിക്‌സ് ചെയ്ത എഡിറ്റ് വീഡിയോ ഇതിനോടകം വൈറലായി. ഒറിജിനലിനെ കടത്തിവെട്ടുന്ന തരത്തിലാണ് പല വീഡിയോകളും.
മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പോയിലൊരുങ്ങിയ ഏറ്റവും മികച്ച എന്റര്‍ടൈനറെന്നാണ് ഹരികൃഷ്ണന്‍സിനെ വിശേഷിപ്പിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ രസകരമായ ഒന്നാണ്. ‘പ്രണവം ഇന്റര്‍നാഷണലിന് വേണ്ടി, മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന, ഫാസിലിന്റെ ഹരികൃഷ്ണന്‍സ്‘ എന്ന ടൈറ്റിലിന് ഇന്നും പ്രത്യേക ഫാന്‍ ബേസുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ കൗണ്ടറുകള്‍, കോമഡി രംഗങ്ങളില്‍ ഇരുവരും നല്‍കുന്ന മൈന്യൂട്ട് എക്‌സ്പ്രഷനുകള്‍ എന്നിവയെല്ലാം ഗംഭീരമാണ്. ഇരുവരുടെയും പീക്ക് ടൈമില്‍ കൃത്യമായി അവതരിപ്പിച്ച ഹരികൃഷ്ണന്‍സ് പോലൊരു ചിത്രം ഇനി ചെയ്യാന്‍ കഴിവുള്ള സംവിധായകന്‍ ആരാണെന്നും പലരും ചോദിക്കുന്നുണ്ട്.
Content Highlight: Posts saying that Fans want movie Like Harikrishnans viral in Social Media