മമ്മൂട്ടിക്ക് മുന്നേ നൂറ് കോടിയടിച്ചവര്‍ ഒരുപാടുണ്ട്, പക്ഷേ, മമ്മൂട്ടിയെപ്പോലെ കണ്‍സിസ്റ്റന്‍സി ആര്‍ക്കുമില്ല: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Malayalam Cinema
മമ്മൂട്ടിക്ക് മുന്നേ നൂറ് കോടിയടിച്ചവര്‍ ഒരുപാടുണ്ട്, പക്ഷേ, മമ്മൂട്ടിയെപ്പോലെ കണ്‍സിസ്റ്റന്‍സി ആര്‍ക്കുമില്ല: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
അമര്‍നാഥ് എം.
Friday, 10th April 2026, 6:33 pm

റിലീസ് ചെയ്ത് ആറാം ദിവസം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് വാഴ 2വും ചരിത്രം രചിച്ചിരിക്കുകയാണ്. പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രത്തിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. മലയാളത്തിലെ 16ാമത് 100 കോടി ചിത്രമാണ് വാഴ 2. മോളിവുഡിലെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ മുതല്‍ ഏറ്റവുമൊടുവില്‍ ഇന്‍ഡസ്ട്രിയിലെത്തിയ ഹാഷിര്‍ വരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ ഈ ക്ലബ്ബില്‍ ഇടം നേടാത്തത് ചുരുക്കം താരങ്ങള്‍ മാത്രമാണ്.

അതില്‍ പലരും എടുത്തുപറയുന്ന പേരാണ് മമ്മൂട്ടിയുടേത്. ഇന്‍ഡസ്ട്രിയിലെത്തി ഒരുപാട് കാലമായിട്ടും പുതിയ നടന്മാര്‍ വരെ 100 കോടി നേടിയിട്ടും മമ്മൂട്ടിക്ക് മാത്രം ഈയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കോടി ക്ലബ്ബുകളെക്കാള്‍ മമ്മൂട്ടി പ്രാധാന്യം നല്‍കുന്നത് തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങള്‍ക്കാണെന്ന് ആരാധകര്‍ വാദിക്കാറുണ്ട്.

ഇപ്പോഴിതാ 100 കോടി ക്ലബ്ബില്‍ ഇടം നേടാത്ത മമ്മൂട്ടിയും ഈ ക്ലബ്ബില്‍ കയറിയ മറ്റ് നടന്മാരെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് വൈറലായിരിക്കുകയാണ്.ഷാജീവന്‍ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്. നൂറ് കോടി ക്ലബ് ആരംഭിച്ച മോഹന്‍ലാലിന് പോലും പലപ്പോഴായി ബോക്‌സ് ഓഫീസില്‍ അടി തെറ്റിയിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

Photo: The Hindu

മോളിവുഡില്‍ ഏറ്റവുമധികം 100 കോടി ചിത്രങ്ങള്‍ സ്വന്തം പേരിലുള്ളത് മോഹന്‍ലാലിനാണ്. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍, തുടരും എന്നിവയാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍. എന്നാല്‍ ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റെ പല സിനിമകളും ബോക്‌സ് ഓഫീസില്‍ നിലംതൊട്ടിട്ടില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

2019 മുതല്‍ 2025 വരെ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ പല സിനിമകളും മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാതെ തിയേറ്റര്‍ വിട്ടിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. 150 കോടി ബജറ്റിലൊരുക്കി 10 കോടി പോലും നേടാത്ത ബറോസ്, ഒരു കോടി മാത്രം നേടിയ എലോണ്‍, വൃഷഭ എന്നിവയും ലിസ്റ്റിലുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്.

മോഹന്‍ലാലിന് ശേഷം സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടിയ നടനാണ് നസ്‌ലെന്‍. പ്രേമലുവിലൂടെ ഈ ചരിത്ര ക്ലബ്ബില്‍ ഇടംനേടിയെങ്കിലും തൊട്ടടുത്ത ചിത്രമായ ഐ ആം കാതലന്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളംവിട്ടു. ആടുജീവിതത്തിലൂടെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് പൃഥ്വിരാജ് നേടിയെങ്കിലും പിന്നീട് പൃഥ്വി നായകനായ വിലായത്ത് ബുദ്ധ വന്‍ പരാജയമായി മാറി. ഇതിനിടയില്‍ ഗുരുവായൂരമ്പല നടയില്‍ 90 കോടി നേടിയെങ്കിലും അതില്‍ ബേസിലും മറ്റൊരു നായകനായിരുന്നു.

ആവേശത്തിലൂടെ ഫഹദ് കരിയറിലെ ഏറ്റവും വലിയ വിജയം നേടിയെങ്കിലും പിന്നീട് ഫഹദിന്റേതായി വലിയൊരു ഹിറ്റ് ഉണ്ടായിട്ടില്ലെന്നും പോസ്റ്റിലുണ്ട്. എ.ആര്‍.എമ്മിലൂടെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെങ്കിലും ടൊവിനോയുടെ പിന്നീടുള്ള രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. സര്‍വ്വം മായയിലൂടെ 150 കോടി നേടിയ നിവിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

2018, മഞ്ഞുമ്മല്‍ ബോയ്‌സ്, ലോകഃ തുടങ്ങിയവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായതിനാല്‍ അത് പ്രത്യേകമൊരു നടന് സ്വന്തമല്ലെന്നും ഷാജീവന്‍ പറയുന്നു. എന്നാല്‍ കൊവിഡിന് ശേഷം മമ്മൂട്ടിയുടെ പല സിനിമകളും മിനിമം ഹിറ്റായിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. ഭീഷ്മ പര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ്, കളങ്കാവല്‍ എന്നീ ചിത്രങ്ങള്‍ 80 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. ടര്‍ബോ (70 കോടി), ഭ്രമയുഗം (65 കോടി), റോഷാക്ക് (30 കോടി), നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ (10 കോടി) എന്നിവയാണ് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍.

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നിവയാണ് കൊവിഡിന് ശേഷമുള്ള മമ്മൂട്ടിയുടെ ഫ്‌ളോപ്പ് ചിത്രങ്ങള്‍. ബോക്‌സ് ഓഫീസില്‍ മറ്റ് നടന്മാരെക്കാള്‍ കണ്‍സിസ്റ്റന്‍സി മമ്മൂട്ടിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Content Highlight: Post about Mammootty’s 100 crore club viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം