ഖുര്‍ആനോടും മതത്തോടുമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ കാഴ്ചപ്പാട് ശരിയല്ല, എസ്.ഡി.പി.ഐയുടെ ഏക വഴി അക്രമമാണ്: കെ.എം. ഷാജി
Kerala News
ഖുര്‍ആനോടും മതത്തോടുമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ കാഴ്ചപ്പാട് ശരിയല്ല, എസ്.ഡി.പി.ഐയുടെ ഏക വഴി അക്രമമാണ്: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 12:40 pm

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കേരളത്തിലെ യുവാക്കളെ ബ്രെയിന്‍വാഷ് ചെയ്യുകയാണ് പി.എഫ്.ഐ ചെയ്യുന്നതെന്നും മതത്തോടുള്ള അവരുടെ കാഴ്ചപ്പാട് തന്നെ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ഐ.യു.എം.എല്‍ നേതാക്കളില്‍ ഒരാളാണ് കെ.എം. ഷാജി

എസ്.ഡി.പി.ഐയുടെ ഏക വഴി അക്രമമാണ്. അവര്‍ക്ക് ശക്തമായ പ്രത്യയശാസ്ത്രപരമോ മതപരമോ ആയ കെട്ടുറപ്പില്ലെന്നും ഷാജി പറഞ്ഞു. ഖുര്‍ആനെ കുറിച്ചുള്ള അവരുടെ വീക്ഷണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ മുസ്‌ലിം യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയെയും എതിര്‍ക്കുന്നത്. സാംസ്‌കാരിക സംഘടനകള്‍ രൂപീകരിച്ച് യുവാക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ഞങ്ങളുടെ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളോട് അവരുടെ അജണ്ടയും പ്രത്യയശാസ്ത്രവും തെറ്റാണെന്ന് ബോധിപ്പിച്ചെടുക്കാനായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അവര്‍ ഒരിക്കലും ഞങ്ങളുമായി ഒരു തുറന്ന പോരുണ്ടായിട്ടില്ല. അത് സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

പക്ഷേ, മുസ്‌ലിം സമുദായത്തിനുള്ളില്‍ അവരുടെ അജണ്ടയ്‌ക്കെതിരായ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ യുടെ ഏക വഴി അക്രമമാണ്. അവര്‍ക്ക് ശക്തമായ പ്രത്യയശാസ്ത്രപരമോ മതപരമോ ആയ കെട്ടുറപ്പോ ഇല്ല.

യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പേരില്‍ എസ്.ഡി.പി.ഐയും പി.എഫ്.ഐയും ചെയ്യുന്നത് എന്താണോ അത് തെറ്റാണ്. ഖുര്‍ആനിനെക്കുറിച്ചുള്ള അവരുടെ വീക്ഷണം ശരിയല്ല. അവരുടെ മതപരമായ കാഴ്ചപ്പാട് പോലും ശരിയല്ല,’ കെ.എം. ഷാജി പറഞ്ഞു.

പി.എഫ്.ഐയുമായോ ജമാഅത്തെ ഇസ്‌ലാമിയുമായോ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗിലെ യുവാക്കള്‍ക്ക് മാത്രമല്ല, ഒരു കാലത്ത് എ.പി സുന്നി വിഭാഗത്തിലേയും സമസ്തയിലേയും മുജാഹിദിലേയും യുവാക്കള്‍ വരെ പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരുന്നു. അവര്‍ ഖുര്‍ആനും ഹദീസുമൊക്കെയായിരുന്നു രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്. ഇതിന് മുമ്പില്‍ മതേതര യോഗ്യതകള്‍ ഉപയോഗിച്ച് അവരെ നേരിടാന്‍ കഴിയില്ലെന്ന് മനസിലായി.

അതുകൊണ്ട് ഞങ്ങള്‍ മതസംഘടനകളെ സമീപിക്കുകയും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ ഒറ്റപ്പെടുത്തണമെന്ന് തീരുമാനിച്ചുവെന്നും കെ.എം. ഷാജി പറയുന്നു.

Content HIghlight: Popular front of India’s vision on Quran and islam is worst says muslim league leader km shaji