പത്തനംതിട്ടയിൽ പൊലീസ് അതിക്രമം; വഴിയരികിൽ വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 20 അംഗ സംഘത്തിന് മർദനം
Kerala News
പത്തനംതിട്ടയിൽ പൊലീസ് അതിക്രമം; വഴിയരികിൽ വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 20 അംഗ സംഘത്തിന് മർദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2025, 9:29 am

പത്തനംതിട്ട: പത്തനംതിട്ടയിൽ വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 അംഗ കുടുംബത്തിന് പോലീസിന്റെ ക്രൂര മർദനം. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം കാരണം പോലും പറയാതെ മർദിച്ചെന്നാണ് പരാതി.

തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ പത്തനംതിട്ട  ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

 

പത്തനംതിട്ട എസ്.ഐ എസ്. ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. ബാറിന് മുന്നിൽ നിന്നവരെയാണ് മർദിച്ചതെന്നാണ് പൊലീസിന്റെ വാദം.

ലാത്തികൊണ്ടുള്ള ആക്രമണത്തിൽ സംഘത്തിലുള്ള സ്ത്രീയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവരുടെ ഭർത്താവിന്റെ തലക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇവരെ ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും പരാതിയുണ്ട്. സംഘം അവർ വന്ന ട്രാവലറിൽ തന്നെ സ്വമേധയാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

 

 

 

 

Content Highlight: Police violence in Pathanamthitta; A group of 20 members were beaten up while the vehicle was resting on the roadside