പാണക്കാട് മുഈൻ അലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി; പരാതിയില്‍ റാഫി പുതിയകടവിനെതിരെ കേസെടുത്ത് പൊലീസ്
Kerala News
പാണക്കാട് മുഈൻ അലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി; പരാതിയില്‍ റാഫി പുതിയകടവിനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 4:36 pm

മലപ്പുറം: പാണക്കാട് സയ്യിദ് മുഈൻ അലി തങ്ങളുടെ പരാതിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിനെതിരെ കേസെടുത്ത് പൊലീസ്. റാഫി പുതിയകടവ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഈൻ അലി തങ്ങള്‍ ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു റാഫിയുടെ ഭീഷണി.

റാഫിയുടെ പശ്ചാത്തലം തനിക്ക് വ്യക്തമല്ലെന്നും അദ്ദേഹം നിരന്തരമായി തനിക്കെതിരെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് മെസേജുകള്‍ അയക്കാറുണ്ടെന്നും മുഈൻ അലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിക്ക് പിന്നില്‍ പ്രേരണയുണ്ടോയെന്നതില്‍ വ്യക്തതയില്ലെന്നും കാരണം എന്താണെന്നതില്‍ അറിവില്ലെന്നും തങ്ങള്‍ പറഞ്ഞു. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മുഈൻ അലി തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഒരാള്‍ തന്നെ വിളിച്ച് വീല്‍ചെയറില്‍ ഇരുത്തുമെന്ന് പറഞ്ഞാല്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ ചോദ്യമുയര്‍ത്തി. ഭീഷണിയില്‍ മൗനം പാലിച്ചാല്‍ ശരിയാവില്ലെന്നും അതിനാല്‍ പൊലീസിന് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഈൻ അലി തങ്ങള്‍ പറഞ്ഞു.

അതേസമയം പാണക്കാട് മുഈൻ അലി തങ്ങള്‍ക്ക് പിന്തുണയുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും സി.പി.ഐ.എം നേതാവും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീലും രംഗത്തെത്തി.

പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരായ വധഭീഷണി ഒരു കുറ്റകൃത്യമാണെന്ന് പി.കെ. നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ച് കാലങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പാണക്കാട് സയ്യിദന്മാരെ അവഹേളിക്കാനും അപമാനിക്കാനും ചെറുതെങ്കിലും ചില ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തങ്ങള്‍ക്കെതിരെയുള്ള നിലവിലെ ഈ ഭീഷണിയെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും നവാസ് വ്യക്തമാക്കി.

പാണക്കാട് മുഈൻ അലി തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാഫി പുതിയകടവിന്റെ ആ പൂതി മനസിലിരിക്കട്ടെയെന്ന് ഭീഷണിയില്‍ കെ.ടി. ജലീല്‍ പ്രതികരിച്ചു. പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ലെന്നും ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

പാണക്കാട്ടെ മുഈൻ അലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പാണക്കാട് പൈതൃകം ആഘോഷിച്ചവരെയും പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണെന്നും കെ.ടി. ജലീല്‍ വിമര്‍ശിച്ചു.

Content Highlight: Police registered a case against Muslim League worker Rafi Puthiyakadav