രോഹിത്തിനെ വീണ്ടും ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു: കരീം ജന്നത്
Sports News
രോഹിത്തിനെ വീണ്ടും ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു: കരീം ജന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 3:39 pm

അഫ്ഗാനിസ്ഥാനെതിരെ ബെംഗളൂരുവില്‍ നടന്ന അവസാന ടി ട്വന്റിയില്‍ ഇന്ത്യ നാടകീയമായ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ നേടിയ 212 റണ്‍സിന് മുകളില്‍ സമനില പിടിച്ച അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറിലും 16 റണ്‍സില്‍ വീണ്ടും സമനില പിടിക്കുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ നേടിയ 11 റണ്‍സ് മറികടക്കാനാകാതെ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായാണ് പരാജയപ്പെട്ടത്.

എന്നാല്‍ ആദ്യ ഓവറില്‍ റിട്ടയേട് ചെയ്ത ശേഷം രോഹിത് ശര്‍മ രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്ററായി തിരിച്ചുവന്നിരുന്നു. ഈ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഐ.സി.സിയുടെ കളി വ്യവസ്ഥകള്‍ പ്രകാരം ‘മുമ്പത്തെ ഏതെങ്കിലും സൂപ്പര്‍ ഓവറില്‍ പുറത്താക്കിയ ഏതൊരു ബാറ്റ്സ്മാനും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ യോഗ്യനല്ല എന്നാണ്’. ഇതാണ് വിവാദം സൃഷ്ടിച്ചത്. ഈ വ്യവസ്ത ചൂണ്ടിക്കാണിച്ച് അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍ കരീം ജന്നത് സംസാരിക്കുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അധികം അറിയില്ലായിരുന്നു. ഞങ്ങളുടെ മാനേജ്‌മെന്റ് അമ്പയര്‍മാരോട് സംസാരിച്ചു. രോഹിത് ബാറ്റ് ചെയ്യാന്‍ ഇറങ്ങി, പക്ഷേ അവനെ ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു എന്ന് ഞങ്ങള്‍ പിന്നീട് മനസ്സിലാക്കി. ഞങ്ങള്‍ റിട്ടയേഡ് ഔട്ട് ആയി , ഞങ്ങള്‍ക് വീണ്ടും ബാറ്റ് ചെയ്യാന്‍ കഴിയില്ല,’ കരീം ജന്നത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ തന്റെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

 

Content Highlight: Karim Janat Tolks About Rohit Sharma