അദ്ദേഹം നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കില്ലേ, ഇതൊന്നും ഗൗരവമായി എടുക്കില്ല; ബുലന്ദ്ഷഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
national news
അദ്ദേഹം നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കില്ലേ, ഇതൊന്നും ഗൗരവമായി എടുക്കില്ല; ബുലന്ദ്ഷഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 2:36 pm

മുംബൈ: ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷപരാമര്‍ശവുമായി ശിവസേന. സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളൊന്നും അദ്ദേഹം കാണുന്നില്ലെന്നും നഗരങ്ങളുടേയും സംസ്ഥാനങ്ങളുടേയും പേര് മാറ്റുന്നതിന്റെ തിരക്കിലാണ് അദ്ദേഹമെന്നുമായിരുന്നു ശിവസേനയുടെ പരിഹാസം. സാമ്‌നയിലെഴുതിയ എഡിറ്റോറിയലിലാണ് ശിവസേന യോഗിക്കെതിരെ വിമര്‍ശനവുമായി എത്തിയത്.

പൊലീസിനും സൈന്യത്തിനും മതമില്ല. അതുപോലെ തന്നെ അധികാരത്തിലിരിക്കുന്നവരും അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റത്.


പശുവിനെ ആര് കൊന്നു എന്നതിനേക്കാള്‍ മനുഷ്യനെ ആര് കൊന്നു എന്നതല്ലേ അന്വേഷിക്കേണ്ടിയിരുന്നത് ; യോഗി ആദിത്യനാഥിനോട് സുബോധിന്റെ മകന്‍


യോഗി ആദിത്യനാഥിന്റെ ഭരണ കാലയളവില്‍ നിരവധി കലാപങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്നു. പശു മാംസത്തിന്റെ പേരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെട്ടു. പൊലീസിനോ സൈന്യത്തിനോ മതമോ ജാതിയോ ഇല്ല. അക്കാര്യം അധികാരത്തിലിരിക്കുന്നവര്‍ കൂടി മനസിലാക്കണം.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന യോഗിയുടെ പ്രസ്താവനയേയും ശിവസേന വിമര്‍ശിച്ചു. ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഇത്തരം നടപടികളെന്നും വോട്ട് മാത്രം നോക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നും ശിവസേന ആവശ്യപ്പെട്ടു.

സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വോട്ടിന് വേണ്ടി സംസ്ഥാനങ്ങളുടെ പേര് മാറ്റുമെന്ന പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന യോഗി ആദിത്യനാഥ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരേയും സാമ്‌നയിലെഴുതിയ ലേഖനത്തില്‍ ശിവസേന വിമര്‍ശിച്ചു. അവര്‍ കടകളെല്ലാം പൂട്ടി ജനങ്ങള്‍ക്ക് മുന്‍പില്‍ വലിയ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണെന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.