ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പശുവിനെ ആര് കൊന്നു എന്നതിനേക്കാള്‍ മനുഷ്യനെ ആര് കൊന്നു എന്നതല്ലേ അന്വേഷിക്കേണ്ടിയിരുന്നത് ; യോഗി ആദിത്യനാഥിനോട് സുബോധിന്റെ മകന്‍
ന്യൂസ് ഡെസ്‌ക്
4 days ago
Thursday 6th December 2018 1:53pm

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സുബോധിന്റെ മകന്‍ അഭിഷേക് സിങ്.

പശുവിനെ ആര് കൊന്നു എന്ന് അന്വേഷിച്ച് അവരെ ശിക്ഷിക്കുന്നതാണോ അതോ ഒരു മനുഷ്യ ജീവന്‍ ഇല്ലാതാക്കിയത് ആരാണ് എന്ന് കണ്ടുപിടിക്കുന്നതാണോ പ്രധാനം എന്നായിരുന്നു അഭിഷേകിന്റെ ചോദ്യം.

” പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നു എന്നതിനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനാണ് ഉത്തരം തരേണ്ടത്. അതിന് ശേഷം മാത്രം ഇതിന് പിന്നിലുള്ള ഗൂഢാലോചനകള്‍ അന്വേഷിച്ചാല്‍ പോരേ, ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ”- അഭിഷേക് സിങ് പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദു മുസ്‌ലീം രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് ഇത് ഒരു മുഖ്യമന്ത്രിയുടെ മാത്രം കാര്യമല്ല എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ” ഇത് ഞാന്‍ മുഖ്യമന്ത്രിയോട് മാത്രം പറയുന്ന കാര്യമല്ല. ഞാന്‍ ഈ രാജ്യത്തോടാണ് അപേക്ഷിക്കുന്നത്. ഹിന്ദു മുസ്‌ലീം കലാപങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കണം. വളരെ ചെറിയ കാര്യത്തിന്റെ പേരില്‍ ജനങ്ങള്‍ പ്രകോപിതരാകുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണം.


സുബോധ് സിങ്ങിന്റെ പേരില്‍ കോളേജ് ആരംഭിക്കും, റോഡിന് പേരിടും; യോഗിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രഖ്യാപനങ്ങളുയി ഡി.ജി.പി


ഇന്ന് എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. നാളെ മറ്റേതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ ഇതുപോലെ കൊല്ലപ്പെടും. അല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രി. ആള്‍ക്കൂട്ട കൊലപാതക സംസ്‌ക്കാരം ഇങ്ങനെയാണ്. അതിന് അനുവദിച്ചുകൂടാ.

വളര്‍ന്ന് ഏത് നിലയില്‍ എത്തിയാലും നല്ലൊരു മനുഷ്യനായി ജീവിക്കണമെന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. ഈ രാജ്യം നമ്മുടേതാണെന്നും എല്ലാവരേയും സ്‌നേഹിച്ചും സഹായിച്ചും മുന്നോട്ടുപോകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളും അത് മനസിലാക്കണം. ഞാന്‍ അപേക്ഷിക്കുകയാണ്. ഈ ആള്‍ക്കൂട്ട സംസ്‌ക്കാരം നമുക്ക് ഒന്നും തരില്ല. നഷ്ടങ്ങളല്ലാതെ..- അഭിഷേക് പറഞ്ഞു.

സുബോധ് കുമാര്‍ കൊല്ലപ്പെട്ട കലാപത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഗോഹത്യ നടത്തിയവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

Advertisement