സോവിയറ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്
World News
സോവിയറ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 3:00 pm

വാര്‍സോ: സോവിയറ്റ്- കമ്മ്യൂണിസ്റ്റ് ഭരണ കാലഘട്ടത്തിലെ റെഡ് ആര്‍മി സ്മാരകങ്ങള്‍ നീക്കം ചെയ്ത് പോളണ്ട്. 1940കളിലെ നാല് സ്മാരകങ്ങളാണ് ഇത്തരത്തില്‍ പൊളിച്ചുനീക്കിയത്.

ജര്‍മന്‍ നാസി പട്ടാളവുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട റെഡ് ആര്‍മി സൈനികര്‍ക്ക് സ്മാരകമായി നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് സ്തൂപങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. വ്യാഴാഴ്ചയായിരുന്നു ഡ്രില്ലുകളും മറ്റുപകരണങ്ങളുമുപയോഗിച്ച് തൊഴിലാളികള്‍ ഇവ തകര്‍ത്തത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള റഷ്യയുടെ ആധിപത്യത്തിന്റെ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്നതിനും അയല്‍രാജ്യമായ ഉക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങളെ അപലപിക്കുന്നതിനും വേണ്ടിയാണ് നീക്കം.

സ്റ്റേറ്റ് ഹിസ്റ്റോറിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (state historical institute) മേധാവി കരോള്‍ നവ്‌റോകിയുടെ (Karol Nawrocki) നേതൃത്വത്തിലായിരുന്നു പൊളിക്കല്‍ പ്രക്രിയ നടന്നത്.

”സ്വന്തം രാജ്യത്തെ ജനങ്ങളെയും വിദേശ രാജ്യങ്ങളിലെ മനുഷ്യരെയും ഒരുപോലെ അടിമകളാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഒരു വ്യവസ്ഥയെ പ്രതിനിധീകരിച്ച് നില്‍ക്കുന്ന സ്മാരകങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇത് നാണക്കേടിന്റെ സ്മാരകമാണ്.

ഇരകളാക്കപ്പെട്ടവരെ വിജയിച്ചവര്‍ അവഹേളിച്ചതിന്റെ സ്മാരകമാണ്” എന്നാണ് വിഷയത്തില്‍ കരോള്‍ നവ്‌റോകി പ്രതികരിച്ചത്.

1945ല്‍ സോവിയറ്റ് യൂണിയന്‍ സ്വാതന്ത്ര്യവും വിമോചനവും കൊണ്ടുവരികയായിരുന്നില്ല മറിച്ച് മറ്റൊരു കാരാഗ്രഹവും അടിമത്തവും ഉണ്ടാക്കുകയായിരുന്നു. അവര്‍ പോളണ്ടിനെ പിടിച്ചടക്കി ഒരു കൊള്ളമുതലായി കണക്കാക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാല് പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്ന രാജ്യമാണ് പോളണ്ട്. റഷ്യന്‍ നിയമപ്രകാരം റഷ്യയിലെയും വിദേശരാജ്യങ്ങളിലെ പോലും സോവിയറ്റ് സൈനിക സ്മാരകങ്ങള്‍ നീക്കം ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കരോള്‍ നവ്‌റോകി പറഞ്ഞു.

റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഉക്രൈനെ പരസ്യമായി പിന്തുണക്കുന്ന അയല്‍രാജ്യം കൂടിയാണ് പോളണ്ട്. റഷ്യ ഉക്രൈനെ ആക്രമിക്കുന്നതിനെതിരായ പോളണ്ടിന്റെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ സോവിയറ്റ്കാല സ്മാരകങ്ങള്‍ പൊളിച്ചുനീക്കിയതെന്നതും ശ്രദ്ധേയമാണ്.

Content Highlight: Poland removed four communist- era Red Army monuments